തൃശൂർ: വടക്കാഞ്ചേരി: വിദ്യാർഥികളുമായി പോയ കോളജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
ഇതിൽ ഒരാളുടെ നില ഗുരുതരം. ഹോട്ടൽ ജീവനക്കാരിയായ മങ്ങാട് സ്വദേശിനി അണ്ടേങ്കുന്നത്ത് വീട്ടിൽ സരളയ്ക്കാണ് (50) ഗുരുതരമായി പരിക്കേറ്റത്.
എരുമപ്പെട്ടി കുണ്ടന്നൂരിൽ ചുങ്കം സെന്ററിൽ ഇന്നുരാവിലെ ഒന്പതിനാണ് അപകടം. മലബാർ കോളജ് വിദ്യാർഥികളുമായി പോയ കോളജ് ബസാണ് റോഡരികിലുണ്ടായിരുന്ന പുഷ്പ ഹോട്ടലിലേക്ക് ഇടിച്ചുകയറിയത്.
ബസിന്റെ ഡ്രൈവർക്കു തല ചുറ്റിയതാണ് അപകട കാരണം. ബസിലുണ്ടായിരുന്ന വിദ്യാർഥികൾക്കും പരിക്കേറ്റിട്ടുണ്ട്. ഇവരിൽ ആരുടെയും നില ഗുരുതരമല്ല.
ഇടിയുടെ അഘാതത്തിൽ ബസിന്റെ മുൻഭാഗം ഭാഗികമായും ഹോട്ടലിന്റെ ഒരുഭാഗവും തകർന്നു. ഓടിയെത്തിയ നാട്ടുകാരും, ഓട്ടോ ഡ്രൈവേഴ്സും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.
സംഭവമറിഞ്ഞ് വടക്കാഞ്ചേരി പോലീസും സ്ഥലത്തെത്തിയിരുന്നു. പരിക്കേറ്റ വിദ്യാർഥികളിൽ കുറച്ചുപേരെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലും മറ്റുള്ളവരെ തൃശൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ സരള രണ്ടുവർഷമായി ഹോട്ടലിലെ ജീവനക്കാരിയാണ്.