ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി മന്‍ഹാട്ടന്‍ കാമ്പസിനു സമീപം പതിനെട്ട് വയസ്സുള്ള ബര്‍ണാഡ് കോളജ് ആദ്യവര്‍ഷ വിദ്യാര്‍ത്ഥിനി റ്റീസാ മേജോഴ്‌സ് കുത്തേറ്റു മരിച്ച കേസില്‍ പതിമൂന്നു വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.
ഡിസംബര്‍ 11-നു ബുധനാഴ്ച വൈകിട്ട് മോണിംഗ് സൈഡ് പാര്‍ക്കിനു സമീപം നടന്നുപോയ റ്റീസയെ കവര്‍ച്ച നടത്തുന്നതിനിടയില്‍ നടത്തിയ മല്‍പ്പിടുത്തത്തിനിടയിലാണ് പതിമൂന്നുകാരന്റെ കുത്തേറ്റത്. ഉടന്‍ മൗണ്ട് സീനായ് സെന്റ് ലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കന്‍സാസ് സെക്യൂരിറ്റി ജീവനക്കാരനാണ് റ്റീസയെ കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സംഭവത്തിനുശേഷം രക്ഷപെട്ട കുട്ടിയെ ഇതേ പരിസരത്തുവച്ചാണ് വ്യാഴാഴ്ച വൈകിട്ട് പിടികൂടിയത്. സംഭവസമയത്ത് കാമറയില്‍ പതിഞ്ഞ വസ്ത്രമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്.
ഈ കുട്ടിയോടൊപ്പം മറ്റു രണ്ടുപേര്‍കൂടി ഉണ്ടായിരുന്നതായാണ് പോലീസ് റിപ്പോര്‍ട്ട്. ഇവരില്‍ ഒരാളെ ചോദ്യംചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പതിമൂന്നുകാരനെതിരേ സെക്കന്‍ഡ് ഡിഗ്രി ഷെലോനി മര്‍ഡര്‍, കവര്‍ച്ച, കുറ്റകരമായി മാരകായുധം കൈവശം വെയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചാര്‍ജ് ചെയ്തിട്ടുണ്ട്.
ന്യൂയോര്‍ക്ക് നിയമമനുസരിച്ച് ഫാമിലി കോര്‍ട്ടില്‍ വിചാരണ ചെയ്യുമെന്നു പോലീസ് അറിയിച്ചു. ജേര്‍ണലിസം ഐശ്ചിക വിഷയമെടുത്ത് പഠനം നടത്തുന്ന വിദ്യാര്‍ത്ഥിനിയായിരുന്നു റ്റീസ.
റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍