തിരവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ മൂന്നോട്ട് പോകവെ കോളജ് യൂണിയൻ ചെയർമാൻമാർക്ക് വിദേശത്ത് പരിശീലനം. സംസ്ഥാനത്തെ 70 സർക്കാർ കോളജുകളിലെ യൂണിയൻ ചെയർമാൻമാരെയാണ് സർക്കാർ ചെലവിൽ യുകെയിലെ കാർഡിഫിലേക്ക് നേതൃത്വപാടവ പരിശീലനത്തിന് അയക്കുന്നത്. ഇത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
രാജ്യത്ത് തന്നെ ഇത്തരം പരിശീലനത്തിന് ഉന്നത നിലവാരമുള്ള സ്ഥാപനങ്ങൾ നിലവിലുണ്ട്. അപ്പോഴാണ് വിദേശത്തേക്ക് വിദ്യാർഥി നേതാക്കന്മാരെ അയക്കാനുള്ള സർക്കാർ തീരുമാനം. ഒരു കോടി രൂപയോളമാണ് യാത്രയുടെ ചെലവ്. യാത്രക്കുള്ള പട്ടികയിൽ ഇടംപിടിച്ചിരിക്കുന്ന 70 പേരിൽ ഭൂരിഭാഗവും എസ്എഫ്ഐ നേതാക്കളാണ്.
യൂണിയൻ ചെയർമാൻമാരുടെ സംഘത്തെ അയക്കുന്നത് കേന്ദ്ര സർക്കാരിന്റെ ഫണ്ടുപയോഗിച്ചാണെന്നായിരുന്നു നേരത്തെ വിശദീകരണം നൽകിയിരുന്നത്. പിന്നീടാണ് യാത്ര സർക്കാർ ഫണ്ട് ഉപയോഗിച്ചാണെന്ന വിവരം പുറത്ത് വന്നത്. നേരത്തെ, മന്ത്രിമാരുടെ സംഘത്തിന്റെ വിദേശ യാത്രയെ പ്രതിപക്ഷം ശക്തമായി എതിർക്കുകയും സാമ്പത്തിക പ്രതിസന്ധിക്കിടെയുള്ള മന്ത്രിതല സംഘത്തിന്റെ വിദേശ യാത്ര അനാവശ്യമാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.
ഈ എതിർപ്പുകൾക്കുള്ള മറുപടിയുമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്തെത്തിയിരുനു്നു. ഇതിനു പിന്നാലെയാണ് കോളജ് യൂണിയൻ ചെയർമാൻമാരെ വിദേശത്തേക്ക് അയക്കാനുള്ള സർക്കാർ നീക്കം.