നെടുമങ്ങാട്: കരകുളം പി.എ. അസീസ് എൻജിനീയറിംഗ് കോളജിൽ ദുരൂഹ സാഹചര്യത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം കോളജ് ഉടമയും ചെയർമാനുമായ ഇ.മുഹമ്മദ് താഹയുടേതാണെന്ന നിഗമനത്തിൽ പോലീസ്. എന്നാൽ ഡിഎൻഎ പരിശോധന ഫലം വന്നാൽ മാത്രമേ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാവുകയുള്ളൂവെന്നും പോലീസ് പറഞ്ഞു.
ഡിഎൻഎ പരിശോധനഫലം ഒരാഴ്ച ക്കുള്ളിൽ ലഭിക്കുമെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ താഹയുടെ ഫോൺ പരിശോധിച്ചപ്പോൾ ഫോണിന്റെ ഗാലറിയിൽ നിന്നും തനിക്കു ആത്മഹത്യ അല്ലാതെ മറ്റൊരു വഴി ഇല്ല എന്ന് താഹ മുൻപ് എഴുതിയ കുറിപ്പ് കണ്ടെത്തി. ഇതും മരിച്ചത് താഹ ആകാമെന്ന നിഗമനത്തിൽ എത്താൻ പോലീസിന് കാരണമായി.
ഇന്നലെ രാവിലെ കോളജിലെ പണിതീരാത്ത ഹാളിനുള്ളിലാണ് പൂർണമായും കത്തിയമർന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം താഹയുടെ ഫോണും ഷൂവും ഹാളിന് മുൻപിൽ നിന്ന് കാറും പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് നെടുമങ്ങാട് പോലീസും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി.
കോളജുമായി ബന്ധപ്പെട്ട് സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നതായി പറയുന്നു. വർഷങ്ങൾക്ക് മുമ്പ് കോളജിന്റെ അഫിലിയേഷൻ റദ്ദാക്കാനിടയായി. കുറച്ചുകാലം കോളജ് അടച്ചിട്ടശേഷം അടുത്തിടെയാണ് കോളജ് പ്രവർത്തനം ആരംഭിച്ചത്. പ്രതിസന്ധികൾ തരണം ചെയ്ത് കോളജ് പ്രവർത്തനം തുടങ്ങിയെങ്കിലും സാമ്പത്തിക പ്രശ്നങ്ങൾ താഹയെ അലട്ടിയിരുന്നതായി പറയുന്നു.
വസ്തുവകകൾ ആദായനികുതി വകുപ്പ് ക്രയ വിക്രയം നടത്താൻ സാധിക്കാത്ത തരത്തിൽ അറ്റാച്ച് ചെയ്തിരുന്നതായും പറയുന്നു.ഇത് കാരണം വസ്തുവകൾ വിറ്റ് കടം തീർക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് എന്ന് താഹ പറഞ്ഞതായി അദ്ദേഹവുമായി ബന്ധമുള്ളവർ പറയുന്നു. കൊല്ലം സ്വദേശിയായ താഹ തിരുവനന്തപുരത്താണ് താമസം.