മഹാരാഷ്ട്ര: കോളജിൽ നടന്ന ഫേർവൽ ചടങ്ങിൽ പ്രസംഗിക്കുന്നതിനിടെ ഇരുപതുകാരി കുഴഞ്ഞ് വീണ് മരിച്ചു. ആര്ജിഷിന്ഡെ കോളജ് വിദ്യാര്‍ഥിനി വര്‍ഷ ഘരാട്ട് ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. പ്രസംഗിക്കുന്നതിനിടെ ബോധരഹിതയായി താഴെ വീണ വർഷയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എട്ട് വയസുള്ളപ്പോൾ വിദ്യാർഥിനിക്ക് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. എന്നാൽ കഴിഞ്ഞ പന്ത്രണ്ട് വർഷമായി ആരോഗ്യപ്രശ്നങ്ങളൊന്നും നേരിട്ടിരുന്നില്ല. പക്ഷേ മരുന്ന് മുടക്കിയിരുന്നില്ലന്ന് പെൺകുട്ടിയുടെ രക്ഷകർത്താക്കൾ പറഞ്ഞു. എന്നാൽ കോളജിലെ പരിപാടിയുമായി ബന്ധപ്പെട്ട് വർഷ കുറച്ച് ദിവസങ്ങളായി നല്ല തിരക്കിൽ ആയിരുന്നു. സെന്റോഫ് ദിവസം കോളജിൽ നേരത്തെ എത്തേണ്ട തിരക്കില്‍ മരുന്നെടുക്കാതെ ഓടിപ്പോവുകയായിരുന്നുവെന്നും അന്ന് അവൾ മരുന്ന് കഴിത്തില്ലന്നും അവർ കൂട്ടിച്ചേർത്തു.
കൂട്ടുകാരിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കുട്ടികൾ. വർഷയുടെ മരണത്തിൽ കോളജ് ഭരണകൂടം ദുഃഖം രേഖപ്പെടുത്തുകയും ഒരു ദിവസത്തെ അവധി പ്രഖ്യാപിക്കുകയും ചെയ്തു.