തിരുവനന്തപുരം: സംസ്ഥാനത്ത് കോളജുകൾ ഒക്ടോബർ നാല് മുതൽ തുറക്കാൻ ധാരണയായി. ഇന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആർ.ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേർന്ന കോളജ് മേധാവികളുടെ യോഗത്തിലാണ് തീരുമാനമെടുത്തത്.
ഒന്നിടവിട്ട ദിവസങ്ങളിൽ പകുതി വീതം വിദ്യാർഥികൾ ക്ലാസിൽ വരുന്ന രീതിയിൽ ക്രമീകരണം ഒരുക്കാനാണ് പൊതുവിൽ ധാരണയായിരിക്കുന്നത്. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കാണ് ആദ്യഘട്ടത്തിൽ ക്ലാസുകൾ തുടങ്ങുന്നത്.
ക്ലാസുകൾ ആരംഭിക്കുന്നതിന് മുൻപ് ക്ലാസ് മുറികൾ അണുവിമുക്തമാക്കും. ഇതിനായി തദ്ദേശവകുപ്പുമായി ചേർന്ന് ഏകോപനമുണ്ടാക്കും. വിദ്യാർഥികൾക്കോ അധ്യാപകർക്കോ കോവിഡ് ബാധയുണ്ടായാൽ സമ്പർക്കത്തിൽ ഉള്ളവരെയും നിരീക്ഷണത്തിലാക്കും.
കോളജുകളിൽ കോവിഡ് ജാഗ്രതാ സമിതികൾ ഉണ്ടാക്കും. കോളജുകളും പോലീസും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഉന്നത വിദ്യാഭ്യാസ വകുപ്പും ഏകോപനത്തോടെ പ്രവർത്തിക്കും. പൂർണമായും കോവിഡ് മാനദണ്ഡം പാലിച്ചാകും ക്ലാസുകൾ നടക്കുക എന്നും മന്ത്രി അറിയിച്ചു.
ക്ലാസുകൾ സംബന്ധിച്ച് സ്ഥാപനങ്ങൾക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നാണ് സർക്കാർ നിലപാട്. സെൽഫ് ഫിനാൻസ് കോളജുകളിലെ ഫീസ്, ലാബ്, ലൈബ്രറി എന്നിവയിലെ ഫീസ് വിദ്യാർഥികൾ അടയ്ക്കണമെന്നും സ്ഥാപനങ്ങൾ നിലനിൽക്കാൻ ഇക്കാര്യം ആവശ്യമാണെന്ന് മേധാവികൾ അറിയിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.