കോട്ടയം: സൗഹൃദങ്ങളുടെ ഉല്ലാസങ്ങളുമായി വിദ്യാർഥികൾ കലാലയങ്ങളിൽ വീണ്ടുമെത്തി. കോവിഡിനോടു സന്ധിയില്ലാ സമരം പ്രഖ്യാപിച്ച് വലിയ ഇടവേളയ്ക്കു ശേഷം കോളജിൽ ഒത്തു ചേർന്നതിന്റെ ആഘോഷത്തിലാണ് വിദ്യാർഥികൾ.
ശാസ്ത്ര വിഷയങ്ങളിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥികളും ബിരുദാനന്തര ബിരുദ വിദ്യാർഥികളുമാണ് കോളജിൽ എത്തിയത്. ക്ലാസുകളെ രണ്ടു ബാച്ചായി തിരിച്ചും ഒരു ക്ലാസിൽ 20, 30 കുട്ടികളെ ഇരുത്തിയുമാണ് കോളജുകളിൽ ക്ലാസുകൾ സജ്ജീകരിച്ചിരിക്കുന്നത്.
എല്ലാ വിദ്യാർഥികൾക്കും സാനിറ്റൈസർ, കൈ കഴുകുന്നതിനുള്ള സൗകര്യം എന്നിവ ക്രമീകരിച്ചിട്ടുണ്ട്. ക്ലാസ് മുറികളിലും ശുചിമുറികളിലും അണുനശീകരണം നടത്തി. മുൻകരുതലുകൾ വിദ്യാർഥികളെ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്.
സുരക്ഷ ഉറപ്പാക്കാൻ അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഓണ്‍ലൈൻ യോഗം കഴിഞ്ഞ ദിവസങ്ങളിൽ ചേർന്നിരുന്നു. പ്രിൻസിപ്പൽ, അധ്യാപകർ, അനധ്യാപകർ എന്നിവർ കഴിഞ്ഞ ദിവസം മുതൽ കോളജുകളിൽ എത്തിയിരുന്നു. രാവിലെ എട്ടര മുതൽ വൈകുന്നേരം അഞ്ചര വരെയാണ് പ്രവർത്തന സമയം.
കഴിഞ്ഞ മാർച്ചിൽ കലാലയങ്ങൾ കോവിഡ് വ്യാപനത്തെത്തുടർന്ന് അടച്ചതാണ്. ഇപ്പോൾ അധ്യായന വർഷത്തിന്റെ അവസാന ഘട്ടത്തിലാണ് വീണ്ടും ഓഫ്ലൈൻ ക്ലാസുകൾ ആരംഭിച്ചിരിക്കുന്നത്.
ഒന്ന്, രണ്ട് വർഷ ബിരുദ വിദ്യാർഥികൾക്ക് ഓണ്‍ലൈൻ ക്ലാസുകൾ തുടരും. ജില്ലയ്ക്കു പുറത്തുനിന്നുള്ള വിദ്യാർഥികൾക്കായി ഹോസ്റ്റലിൽ താമസ സൗകര്യം ഒരുക്കുന്ന കാര്യം കോളജുകൾ പരിഗണിക്കുന്നുണ്ട്.