തിരുവനന്തപുരം: ഗവണ്മെന്റ് ആർട്സ് ആന്റ് സയൻസ് കോളജ് പ്രിൻസിപ്പൽമാരുടെ നിയമനത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു ഇടപെട്ട രേഖകൾ പുറത്ത് വന്നത് സർക്കാരിനെ വെട്ടിലാക്കി.
മന്ത്രിയുടെ ഇടപെടൽ അനർഹരായവരെ തിരുകി കയറ്റാനുള്ള ഗുഢനീക്കമാണെന്ന ആരോപണമാണ് ഉയർന്ന് വരുന്നത്.
സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആർട്സ് ആന്റ് സയൻസ് കോളജുകളിലെ പ്രിൻസിപ്പൽമാരുടെ നിയമനത്തിനായി സെലക്ഷൻ കമ്മിറ്റി രൂപീകരിച്ചിരുന്നു.
2022 മാർച്ചിൽ രൂപീകരിച്ച സെലക്ഷൻ കമ്മിറ്റിക്ക് മുൻപാകെ 110 അപേക്ഷകൾ ലഭിക്കുകയും യുജിസി മാനദണ്ഡങ്ങൾ അനുസരിച്ച് യോഗ്യരായ 43 പേരുടെ പട്ടിക തയാറാക്കി.
ഈ പട്ടിക പിഎസ് സി അംഗീകരിക്കുകയും കോളജ് വിദ്യാഭ്യാസ ഡയറക്ടർ മന്ത്രിക്ക് മുൻപാകെ സമർപ്പിച്ചപ്പോഴാണ് മന്ത്രി ആർ. ബിന്ദു അനധികൃതമായി ഇടപെടൽ നടത്തിയത്.
ഈ പട്ടിക കരട് പട്ടികയായി പരിഗണിച്ചാൽ മതിയെന്ന് മന്ത്രി നിർദേശിച്ചുവെന്നുള്ള വിവരാവകാശ രേഖകളാണ് ഇപ്പോൾ പുറത്ത് വന്നത്.
സെലക്ഷൻ കമ്മിറ്റി അയോഗ്യരായ കണ്ടെ ത്തിയവരെ പിഎസ് സി അംഗീകരിച്ച പട്ടികയിൽ തിരുകികയറ്റാനാണ് മന്ത്രിയുടെ നീക്കമെന്നാണ് ഉയരുന്ന ആരോപണം.
നിയമനം നടക്കാത്തതിനെ തുടർന്ന് പട്ടികയിലുണ്ട ായിരുന്ന അധ്യാപകർ കോടതിയെ സമീപിച്ചപ്പോഴാണ് മന്ത്രിയുടെ ഇടപെടലുകൾ പുറത്തായത്.
ഉന്നത വിദ്യാഭ്യാസമേഖലയെ സംബന്ധിച്ചുള്ള നിരവധി ആരോപണങ്ങൾ നിരന്തരം ഉയർന്ന് വരുന്ന സാഹചര്യത്തിലാണ് പട്ടിക തടഞ്ഞ മന്ത്രിയുടെ നടപടി പുറത്തായത്.
സംസ്ഥാനത്തെ നിരവധി ഗവണ്മെന്റ് ആർട്സ് ആന്റ് സയൻസ് കോളജുകളിൽ സ്ഥിരം പ്രിൻസിപ്പൽമാരെ നിയമിക്കാനാകാത്തത് ഉന്നത വിദ്യാഭ്യാസ മേഖലയെ ബാധിച്ചിട്ടുണ്ട ്.