ബംഗളൂരു: കോളജ് വിദ്യാര്‍ഥികളില്‍ ആത്മഹത്യാ പ്രവണത ആശങ്കാജനകമാം വിധം ഉയര്‍ന്നതായി പഠനം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസിലെ (നിംഹാന്‍സ്) വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
വിദ്യാര്‍ഥികള്‍ക്കിടയിലെ ആത്മഹത്യാചിന്തയുടെയും ശ്രമങ്ങളുടെയും പരസ്പരബന്ധം എന്ന വിഷയത്തിലുള്ള പഠനം ഫെബ്രുവരി 25ന് ജേണല്‍ ഓഫ് അഫക്റ്റീവ് ഡിസോര്‍ഡേഴ്സ് റിപ്പോര്ട്ട്സിൽ പ്രസിദ്ധീകരിച്ചു. ഓസ്ട്രേലിയ, യുകെ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ ഡോക്ടര്‍മാരുമായി സഹകരിച്ചാണു നിംഹാന്‍സ് ഗവേഷകര്‍ പഠനം നടത്തിയത്.
സര്‍വേയില്‍ പങ്കെടുത്തവരില്‍ 12.3 ശതമാനം പേര് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടെന്നും 5.2 ശതമാനം പേര് ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ടെന്നും കണ്ടെത്തി. പഠനഫലം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആത്മഹത്യാ പ്രതിരോധ പരിപാടികളുടെ ആവശ്യകത എടുത്തുകാണിക്കുന്നുവെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.