കോളജിലെ അവസാന ദിവസം വിദ്യാര്‍ത്ഥികള്‍ ആഘോഷമാക്കിയത് പരസ്പരം കടിച്ച്! ‘കടി കാര്യ’മായപ്പോള്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ സീനിയര്‍ വിദ്യാര്‍ത്ഥിയ്‌ക്കെതിരെ പോലീസ് കേസ്; സംഭവമിങ്ങനെ

പരീക്ഷ ആവസാനിച്ച് സ്‌കൂളില്‍ നിന്നോ കോളജില്‍ നിന്നോ പടിയിറങ്ങുന്ന ദിവസം വിദ്യാര്‍ത്ഥികളുടെ വക ചില ആഘോഷപരിപാടികള്‍ ഇപ്പോള്‍ ട്രെന്‍ഡാണ്. അവസാന വര്‍ഷ വിദ്യാര്‍ത്ഥികളാണെങ്കില്‍ ചിലപ്പോള്‍ ആഘോഷം പരിസരം മറന്ന് പരിധി വിടുകയും ചെയ്യാറുണ്ട്. ഇത്തരത്തില്‍ കോളജ് അടച്ച സന്തോഷവും അവധിയാഘോഷത്തിന് തുടക്കം കുറിച്ചുള്ള ആഹ്ലാദപ്രകടനവും ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ക്ക് വിനയായ സംഭവമാണ് കൊട്ടിയം എസ്എന്‍ പോളിടെക്‌നിക് കോളജില്‍ നിന്ന് പുറത്തു വരുന്നത്.

തികച്ചും വ്യത്യസ്തവും വികൃതവുമായ രീതിയിലായിരുന്നു കോളജില്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ അവസാന ദിവസം ആഘോഷമാക്കിയത്. പരസ്പരം കടിച്ചുകൊണ്ടായിരുന്നു വിദ്യാര്‍ഥികളുടെ ആഘോഷം.

ജൂനിയര്‍ ക്ലാസിലെ പെണ്‍കുട്ടിയുടെ കയ്യില്‍ കടിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സീനിയര്‍ വിദ്യാര്‍ഥിക്കെതിരെ കേസായിരിക്കുകയാണ്. കൊട്ടിയം എസ്എന്‍ പോളിടെക്‌നിക് കോളജിലാണു സംഭവം. കോളജിലെ മൂന്നാം വര്‍ഷ സിവില്‍ വിദ്യാര്‍ഥിയാണ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയുടെ കൈയില്‍ കടിച്ചത്. കേസിനെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ..

വേനലവധിയുമായി ബന്ധപ്പെട്ട് കോളജ് അടയ്ക്കുന്ന ദിവസം വ്യത്യസ്തമായി ആഘോഷിക്കാനാണ് വിദ്യാര്‍ഥികള്‍ പരസ്പരം കടിച്ചത്. ബുധന്‍ വൈകിട്ട് 4.30നായിരുന്നു കോളജിലെ വിചിത്രമായ ഈ ആഘോഷം. മൂന്നാം വര്‍ഷ സിവില്‍ വിദ്യാര്‍ഥികള്‍ അവരുടെ ക്ലാസിലെ വിദ്യാര്‍ഥിനികളുടെ കൈയിലാണു കടിച്ചത്. പിന്നീട് ഇവരില്‍ ചിലര്‍ രണ്ടാം വര്‍ഷ സിവില്‍ വിദ്യാര്‍ഥിനികളെയും തടഞ്ഞു നിര്‍ത്തി കൈയില്‍ കടിച്ചു.

ഇതു രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ചോദ്യം ചെയ്തു. പരാതിയുമായി വീട്ടിലെത്തിയ പെണ്‍കുട്ടി പിന്നീട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കൊട്ടിയം പോലീസിലും കോളജ് അധികൃതര്‍ക്കും പരാതി നല്‍കി. വിദ്യാര്‍ഥിനിയുടെ കയ്യില്‍ കടിച്ചെന്നു പറയുന്ന മൂന്നാം വര്‍ഷ വിദ്യാര്‍ഥി സംഭവത്തിനു ശേഷം ഒളിവില്‍ പോയി. കുറ്റക്കാരനായ വിദ്യാര്‍ഥിയെ കോളജില്‍ നിന്നു പുറത്താക്കിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.

Related posts