തൃശൂർ: കോളജുകളിൽ പഠനസമയം മാറ്റുന്നതു പരിഗണനയിലാണെന്നു മന്ത്രി കെ.ടി ജലീൽ പറഞ്ഞു. ഇതോടെ പഠനം കഴിഞ്ഞ് കുട്ടികൾക്കു പാർട്ട് ടൈം ജോലിക്ക് അവസരം ലഭിക്കും.
രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒന്നരവരെയാക്കാനാണ് ആലോചന. അധ്യാപക-വിദ്യാർഥി സംഘടനകളുമായി ആലോചിച്ചശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ. എന്നാൽ ഗുണപരമായ മാറ്റങ്ങൾക്കു ചില പ്രതിലോമ ശക്തികൾ തടസം നിൽക്കുകയാണെന്നും മന്ത്രി പറഞ്ഞു.
അസോസിയേഷൻ ഓഫ് കേരള ഗവ. കോളജ് ടീച്ചേഴ്സ് സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുമെന്നു മന്ത്രി പറഞ്ഞു.
സുരക്ഷിതമായി ഏതു പൗരനും ഇവിടെ പഠിക്കാൻ അവസരമൊരുക്കും. എകെജിസിടി സംസ്ഥാന പ്രസിഡന്റ് ഡോ. കെ.കെ ദാമോദരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. എൻ. മനോജ് സ്വാഗതവും ട്രഷറർ ഡോ. ഗീത നന്പ്യാർ നന്ദിയും പറഞ്ഞു.