ചിറ്റൂർ: പരീക്ഷാ തീയതി നീട്ടണമെന്ന ആവശ്യം നിരാകരിച്ചതായി ആരോപിച്ച് ചിറ്റൂർ കോളേജ് പ്രിൻസിപ്പലിന്റെ മുറിയ്ക്കു മുന്നിൽ വിദ്യാർത്ഥികൾ കുത്തിയിരുപ്പ് സമരം നടത്തി പ്രതിഷേധിച്ചു. ഈ മാസം 16 നാണ് ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികളുടെ മാതൃകാപരീക്ഷ തിയതി പ്രഖ്യാപി ച്ചത്. എന്നാൽ പഠിക്കാൻ സമയക്കുറവാണെന്നും പരീക്ഷ ജനുവരിയിലേക്കു മാറ്റണമെന്നും ആവശ്യപ്പെട്ട് കോളേജ് യൂണിയൻ അപേക്ഷ നൽകിയിരുന്നു.
അപേക്ഷ നിരസിച്ചതോടെ ഇന്നലെ കാലത്ത് വിദ്യാർത്ഥികൾ പ്രിൻസിപ്പലിന്റെ ഓഫീസിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. കോളേജ് അധികൃതർ അറിയിച്ചതിനെ തുടർ ചിറ്റൂർ പോലീസ് പ്രിൻസിപ്പലും വിദ്യാർത്ഥി പ്രതിനിധികളുമായി ചർച്ച നടത്തിയതിൽ ഒത്തു തീർപ്പായി.
പിന്നീട് പരീക്ഷ തിയതി മാറ്റാമെന്നും പരീക്ഷാ തിയതി പിന്നീട് അറിയിക്കാമെന്നും സമ്മതിച്ചതിനെ തുടർന്ന് വിദ്യാർത്ഥികൾ സമരം നിർത്തി പിരിഞ്ഞു. ഇന്നലെ ഉച്ചയോടെ കോളേജ് അധ്യാപകൻ ബിജുലാലിനെ ബൈക്കിലെത്തിയ അജ്ഞാതസംഘം മർദ്ദിച്ചു പരിക്കേൽപ്പിച്ചു.
പുറത്തു നിന്നു ബൈക്കിലെത്തിയവരാണ് മർദ്ദിച്ചതെന്ന് ബിജുലാൽ പോലീസിനു മൊഴി നൽകിയിട്ടുണ്ട്. താൻ കോളേജ് അധ്യാപകനാണെന്നും നിങ്ങൾക്ക് ആൾമാറിയതാവാമെന്നും ബിജുലാൽ അജ്ഞാത സംഘത്തിനോട് പറഞ്ഞിട്ടും തുടർന്നും മർദ്ദിച്ചെന്നും അധ്യാപകൻ പറഞ്ഞു. പ്രാഥമിക ചികിത്സക്കു ശേഷം ബിജുലാൽ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി .