സ്വന്തം ലേഖകന്‍
കോഴിക്കോട്: അതിരുവിട്ട ആഘോഷങ്ങള്‍ക്ക് മുന്നില്‍ കണ്ണടച്ച് കാമ്പസ് അധികൃതര്‍. ഇന്നലെ കോഴിക്കോട് നടന്നത്കാര് -ബൈക്ക് റൈസിംഗ് മല്‍സരങ്ങളെ പോലും തോല്‍പ്പിക്കുന്ന രീതിയിലുള്ള സിനിമാ സ്റ്റൈല്‍ കാര്യങ്ങളാണ്.
മലബാർ ക്രിസ്ത്യന്‍ കോളജ് ഹയർ സെക്കന്‍ഡറി സ്കൂളിലെയും മുക്കം കള്ളന്തോട് എംഇഎസ് കോളജിലെയും ആഘോഷപരിപാടികളാണ് അതിരുകടന്നത്.
ക്രിസ്ത്യന്‍ കോളജില്‍ കാര്‍ -ബൈക്ക് സ്റ്റണ്ടായിരുന്നു നടന്നതെങ്കില്‍ , മുക്കത്ത് ജെസിബിയുടെ ‘വായില്‍’ കയറിയിരുന്നായിരുന്നു ആഘോഷം.
അതിരുവിട്ട ആഘോഷം സ്കൂള്‍ മൈതാനത്ത് നടന്നിട്ടും സ്കൂള്‍ അധികൃതര്‍ ഇടപെട്ടില്ല. തലനാരിഴയ്ക്കാണ് ക്രിസ്ത്യന്‍ കോളജില്‍ വലിയ അപകടം ഒഴിവായത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കകത്ത് ഇത്തരം അതിരുവിട്ട ആഘോഷപരിപാടികള്‍ നിയന്ത്രിക്കാന്‍ അധികൃതര്‍ ഇനിയെങ്കിലും കര്‍ശനമായി ഇടപെടണമെന്നും മേട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
കോളജ് ഗ്രൗണ്ടില്‍ കാറുകളും ബൈക്കുകളും അമിത വേഗതയില്‍ ഓടിക്കുന്നതിനിടെ അപകടവും ഉണ്ടാവുകയായിരുന്നു. ബൈക്കില്‍ നിന്ന് തെറിച്ച് വീണെങ്കിലും വിദ്യാര്‍ഥികളുടെ പരിക്ക് സാരമുള്ളതല്ല.
അമിത വേഗതയില്‍ കാര്‍ ഓടിച്ച് ബൈക്കിനെ ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. അധ്യാപകരുടെ നിര്‍ദ്ദേശം മാനിക്കാതെയാണ് വിദ്യാര്‍ഥികള്‍ വാഹനങ്ങളുമായി സ്കൂള്‍ കോളജ് ഗ്രൗണ്ടില്‍ എത്തി പ്രകടനം നടത്തിയത്.
വാഹനമോടിച്ചതിന് പ്രായപൂര്‍ത്തിയായ വിദ്യാര്‍ഥികളുടെ ലൈസന്‍സ് റദ്ദ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ മിഖായേല്‍ തോമസ് അലക്സ് എന്ന വിദ്യാര്‍ഥി ഓടിച്ചിരുന്ന KL43A4774 എന്ന നമ്പറിലുള്ള കാറാണ് കോഴിക്കോട് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത്.
ലൈസെന്‍സില്ലാതെ വാഹനം ഓടിച്ചവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.
മുക്കം കള്ളന്തോട് എംഇഎസ് കോളജിലാകട്ടെ ജെസിബി അടക്കമുളള വാഹനങ്ങളിലായിരുന്നു വിദ്യാര്‍ഥികളുടെ ആഘോഷം.
പത്ത് വിദ്യാര്‍ഥികള്‍ക്കെതിരെ മോട്ടോര്‍വാഹന വകുപ്പ് കേസ് എടുത്തു. ജെസിബിയടക്കം ഒന്‍പത് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സൂക്ഷിച്ചോ… പത്ത് വര്‍ഷം വരെ ലൈസന്‍സ് കിട്ടില്ല
അള്ട്രര് ചെയ്ത് രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ കാമ്പസിലേക്ക് കടക്കുന്നത് തടയാന്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് ഉള്‍പ്പെടെ അധികാരമുണ്ട്. സെക്ഷന്‍ 52 പ്രകാരം ഇത്തരം വാഹനങ്ങള്‍ക്കതിരേ 5000 രൂപ വരെ പിഴ ചുമത്താവുന്നതാണ്.
ആറുമാസം വരെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാം. പ്രായ പൂര്‍ത്തിയാകാത്ത ലൈസന്‍സ് ഇല്ലാത്തയാളാണ് വാഹനമോടിച്ചതെങ്കില്‍ പത്തുവര്‍ഷത്തേക്ക് ഇയാള്‍ക്ക് ലൈസന്‍സ് നല്കാതിരിക്കാനുള്ള വകുപ്പും ഉണ്ട്.
രക്ഷിതാക്കളും വാഹന ഉടമകളുമാണ് മക്കളുടെ ഈ ആറാട്ടില്‍ വിലനല്‍കേണ്ടിവരിക.