സ്വന്തം ലേഖകൻ
കോഴിക്കോട്: സുരക്ഷയില്ലാതെ കോഴിക്കോട് സിവിൽസ്റ്റേഷനിലെയും കളക്ടറേറ്റിലേയും ഭൂരിപക്ഷം ഓഫീസുകളിലും അഗ്നിശമന ഉപകരണങ്ങളില്ല. തീപിടിത്ത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനുള്ള പരിശീലനംപോലും ആർക്കും നൽകിയിട്ടില്ല.
പുതിയ കെട്ടിടങ്ങൾക്ക് പെർമിറ്റ് ലഭിക്കണമെങ്കിൽ സുരക്ഷാസംവിധാനങ്ങൾ ഒരുക്കണമെന്ന് നിയമമുണ്ടെങ്കിൽ അവയില്ലാതെ നിരവധി ഓഫീസുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്് കൂടാതെ ഇൻഡക്ഷൻ കുക്കറും വാട്ടർ ഹീറ്ററുമെല്ലാം ജീവനക്കാർ യാതൊരു സുരക്ഷയും ഇല്ലാതെ ഉപയോഗിക്കുകയും ചെയ്യുന്നു.
ഇത് കൃത്യസമയത്ത് ഓഫ് ചെയ്യാനോ നിയന്ത്രിക്കാനോ ആരും ശ്രമിക്കാറില്ല. ഇന്നലെയുണ്ടായ തീപ്പിടിത്തം എല്ലാ ഓഫീസുകളിലേക്കുമുള്ള മുന്നറിയിപ്പാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഒന്നാം നിലയിലേക്ക് കടക്കാൻ കഴിയാത്തതുകാരണം കെട്ടിടത്തിനു പിന്നിൽ കോണിവച്ച് ജനൽപൊളിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഒന്നാം നിലയിൽ ഇതാണ് അവസ്ഥയെങ്കിൽ മുകളിലെ നിലയിലെ അവസ്ഥ എന്താകുമെന്നാണ് ഉദ്യോഗസ്ഥർ ചോദിക്കുന്നത്.
ഇന്ന് രാവിലെ മന്ത്രി ടി.പിരാമകൃഷ്ണൻ കളക്ട്രേറ്റ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അദ്ദേഹത്തോടൊപ്പം ജില്ലാകളക്ടർ യു.വി. ജോസും ഉണ്ടായിരുന്നു. അതേസമയം വലിയ ഒരു അപകടം ഒഴിവായ ആശ്വാസത്തിലാണ് ജീവനക്കാർ. നഗരത്തിൽ പലയിടത്തും അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പരിശോധന നടത്താറുണ്ടെങ്കിലും കളക്ട്രേറ്റും സിവിൽസ്റ്റേഷനും ഇവരുടെ പരിധിക്ക് പുറത്താണ്. ഇത്രയും ഓഫീസുകഹ പ്രവർത്തിക്കുന്ന ഇവിടെ ഇന്നലെ തീപ്പിടിത്തമുണ്ടയ ഒന്നാം നിലയിൽ എത്താൻ പോലും അഗ്നിശമന സേനാ ഉദ്യോഗസ്ഥർക്ക് ഏറെ വിയർപ്പൊഴുക്കേണ്ടിവന്നു.
ഇന്നലെയാണ് കളക്ട്രേറ്റിലെ ഒന്നാം നിലയിൽ തീപ്പിടിത്തമുണ്ടായത്്. ഡി ബ്ളോക്കിലെ ഒന്നാം നിലയിൽ തപാൽ ഓഫീസിനോട് ചേർന്നുള്ള ഡൈനിംഗ് മുറിയിലാണ് ഇന്നലെ ഉച്ചക്ക് 2.40 -ന് തീപ്പിടിച്ചത്. മുറിയിൽസൂക്ഷിച്ചിരുന്ന ഫയലുകൾക്കടിയിൽ നിന്നും പുക ഉയരുകയായിരുന്നു. ജീവനക്കാർ പുറത്തേക്കോടി രക്ഷപ്പെട്ടു.സമീപത്തെ ഓഫീസിലെ ജീവനക്കാർ ഉടൻ തന്നെ ഫയർസ്റ്റേഷനിൽ വിവരം അറിയിച്ചു.
ഇലക്ട്രിക് സെഷനിൽ അറിയിച്ച് വൈദ്യുതി വിച്ഛേദിച്ചതിനാൽ വലിയ അപകടം ഒഴിവായി. ഒന്നാം നിലയിലായതിനാൽ ജീവനക്കാരെ പെട്ടെന്നു തന്നെ കെട്ടിടത്തിൽ നിന്നും ഒഴിപ്പിച്ചു. വെള്ളിമാട്കുന്ന്, ബീച്ച് ഫയർസ്റ്റേഷനുകളിൽ നിന്നായി രണ്ടുയൂണിറ്റ് വീതവും വെള്ളിമാടുകുന്നിലെ ഒരു മിനി വാട്ടർ മിസ്റ്റും എത്തിയാണ് പുക നിയന്ത്രവിധേയമാക്കിയത്.
ഇരുന്പ് അലമാര, രണ്ട് കസേരകൾ, വാട്ടർ പ്യൂരിഫയർ, ഫോട്ടോസ്റ്റാറ്റ് മെഷീൻ എന്നിവയും കത്തി നശിച്ചു. മുറിയിലെ സീലിംഗ് അടർന്നിട്ടുണ്ട്. അലമാരയിലും ഇരുന്പ് ബോക്സിലുമായി സൂക്ഷിച്ചിരുന്ന രേഖകൾ ഭാഗികമായി കത്തിനശിച്ചു.
നശിച്ചത് വിലപിടിപ്പുള്ള രേഖകളല്ലെന്നും വിവിധ സെഷനുകളിലെ പഴയ ഫയലുകളുടെ പകർപ്പുകളും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ രേഖകളുമാണെന്നും ജീവനക്കാർ അറിയിച്ചു. അതേസമയം തീപ്പിടിത്ത കാരണത്തെകുറിച്ച് ഇപ്പോഴും ദുരൂഹത തുടരുകയാണ്. ഷോർട്ട് സർക്യൂട്ട് സാധ്യത കെഎസ്ഇബി പൂർണമായും തള്ളിയിട്ടുണ്ട്്