മംഗലംഡാം: നിത്യവൃത്തിക്ക് വഴിയില്ലാതെ പാറപ്പുറത്തെ ഒറ്റമുറിക്കുള്ളിൽ കഴിയുന്ന കടപ്പാറ മൂർത്തിക്കുന്നിലെ ആദിവാസി കുടുംബങ്ങൾക്ക് കാൽലക്ഷം രൂപവരെയുള്ള കറന്റ് ബിൽ. കുടിശിക നാലുദിവസത്തിനുള്ളിൽ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബിയുടെ നോട്ടീസും ലഭിച്ചു.
ഇന്നലെ രാവിലെയാണ് കെഎസ്ഇബി മുടപ്പല്ലൂർ സെക്ഷൻ ഓഫീസിൽനിന്നും ഇത്തരത്തിലുള്ള നോട്ടീസ് ലഭിച്ചതെന്ന് ആദിവാസികൾ പറഞ്ഞു. പലിശയടക്കം പത്താം തീയതിക്കുള്ളിൽ തുക അടച്ചില്ലെങ്കിൽ കണക്ഷൻ സ്ഥിരമായി വിച്ഛേദിക്കുകയും മീറ്ററും വയറും മറ്റും അഴിച്ചെടുക്കുകയും ചെയ്യുമെന്നാണ് നോട്ടീസിൽ പറയുന്നത്.
വൈദ്യുതിബോർഡിന് കിട്ടാനുള്ള തുക ഈടാക്കുവാൻ റവന്യൂ റിക്കവറി നടപടിയും സ്വീകരിക്കുമെന്നാണ് നോട്ടീസിലെ ഭീഷണി. 17981 എന്ന കണ്സ്യൂമർ നന്പറുള്ള കോളനിയിലെ വാസുവിന് 22,167 രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് ലഭിച്ചിട്ടുള്ളത്.
ഇത്തരത്തിൽ 26 ആദിവാസി കുടുംബങ്ങൾക്കാണ് നോട്ടീസ് നല്കിയിട്ടുള്ളത്. ചില കുടുംബങ്ങൾക്ക് ഇത് കാൽലക്ഷം രൂപ വരെയുണ്ട്. ഒറ്റമുറിപോലെ കുടുസുവീടുകളിൽ രണ്ടോ മൂന്നോ ബൾബ് മാത്രമാണ് ഇവർ കത്തിക്കുന്നത്. മറ്റു വൈദ്യുതോപകരണങ്ങൾ ഒന്നും തന്നെയില്ല. മീറ്റർ തകരാറും വൈദ്യുതീകരണത്തിലെ അപാതകളും എല്ലാ വീടിനുമുണ്ട്.
അതുമാത്രമല്ല ആറുവർഷംവരെയുള്ള വൈദ്യുതി കുടിശിക ഒന്നിച്ച് ആവശ്യപ്പെടാനുള്ള കാരണം എന്താണെന്നാണ് ആദിവാസികൾ ചോദിക്കുന്നത്. എന്തുകൊണ്ട് ഇത്രകാലം ബിൽ കുടിശികയെക്കുറിച്ച് അറിയിക്കാതിരുന്നതെന്നും ഇവർ ചോദിക്കുന്നു.
എന്നാൽ വീടുകൾക്കുള്ള വൈദ്യുതി കണക്ഷൻ മാത്രമേ സൗജന്യമുള്ളുവെന്നും രണ്ടുമാസം കൂടുന്പോഴുള്ള കറന്റ് ബിൽ ഓരോ ഉപഭോക്താവും അടയ്ക്കണമെന്നുമാണ് കെഎസ്ഇബി മുടപ്പല്ലൂർ സെക്ഷനിലെ അധികൃതർ പറയുന്നത്.
ഇതിനുമുന്പും ഈവിധം കുടിശിക വന്നപ്പോൾ പട്ടികവർഗ വകുപ്പുതന്നെ എവിടെനിന്നോ ഫണ്ട് കണ്ടെത്തി ബിൽ കുടിശിക അടച്ചിരുന്നു. എന്നാൽ ഇക്കുറി അതുണ്ടായില്ല. 33 ബില്ലുകളാണ് ഓരോ കുടുംബങ്ങളും അടയ്ക്കാനുള്ളത്. ഇവരെല്ലാം ഉയർന്നതോതിലാണ് വൈദ്യുതി ഉപയോഗിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്.
ഇതിനാൽ ഇരുപതു യൂണിറ്റിനു താഴെയുള്ള ഉപഭോഗം എന്ന നിലയിൽ സൗജന്യ വൈദ്യുതി പദ്ധതിയിലും ആദിവാസികളെ ഉൾപ്പെടുത്താൻ കഴിയില്ലത്രേ. ഭീമമായ കറന്റ് ബിൽ കുടിശിക അടയ്ക്കാൻ തവണ വ്യവസ്ഥ അനുവദിക്കാൻ മാത്രമേ നിർവാഹമുള്ളൂവെന്നുമാണ് അധികൃതരുടെ വിശദീകരണം.
എക്സിക്യൂട്ടീവ് എൻജിനീയർ ഇടപെട്ട് പത്തുതവണ വരെയാക്കി ബിൽതുക അടയ്ക്കാൻ അനുമതി നല്കാനാകുമെന്നു പറയുന്നു.എന്തായാലും നോട്ടീസിനെതിരേ വലിയ പ്രതിഷേധമാണ് ആദിവാസികളിൽ ഉയർന്നിട്ടുള്ളത്