മുക്കം: പ്രളയത്തെ തുടര്ന്ന് കാരശേരി പഞ്ചായത്തിലെ സർക്കാർ പറമ്പ് കോളനി നിവാസികൾ ദുരിതത്തില്. ഒട്ടേറെ പരിമിതികളും ദുരിതങ്ങളുമായി ജീവിക്കുന്ന കോളനി നിവാസികൾ പ്രളയത്തെ തുടര്ന്ന് കടുത്ത പ്രയാസങ്ങളാണ് അനുഭവിക്കുന്നത്.
അൻപതോളം കുടുംബങ്ങളാണ് ഇവിടെയുള്ളത്.ഇവരുടെ പ്രധാന കുടിവെള്ള സ്രോതസ് കോളനിയുടെ താഴെ വയൽ അതിർത്തിയിലെ അഞ്ചു വിട്ടു കാരുടെ കിണറുകളാണ്.ഈ അഞ്ചു കിണറുകളും മാലിന്യം നിറഞ്ഞ് വെള്ളം ഉപയോഗ യോഗ്യമല്ലാതായി.ഇപ്പോൾ പാത്രങ്ങളിൽ വെളളം തലച്ചുമടായി കൊണ്ടു വന്നു വേണം കാര്യങ്ങൾ നിവർത്തിക്കാൻ .കൂലിപ്പണിക്ക് പോകുന്നവർക്ക് ഇത് വലിയ ബുദ്ധിമുട്ടായി. ചില വീടുകളിൽ പ്രായമായവർ മാത്രമാണുള്ളത്.
കിഴുക്കാം തൂക്കായ കോളനി പ്രദേശത്തിന്റെ താഴെ ഭാഗത്തുള്ള കിണറുകളിൽ ചെറിയ മഴ പെയ്താൽ പോലും മലിന ജലം ഒഴുകിയിറങ്ങും .മിക്ക കിണറുകൾക്കും ആൾമറയില്ലാത്തതിനാൽ അകത്തേക്കാണ് എല്ലാം ഒഴുകി വീഴുന്നത്. വെള്ളപ്പൊക്കത്തിൽ മാലിന്യം വൻതോതിൽ കാണറുകളിലെത്തി. മിക്കവാറും വീടുകളുടെ മേൽക്കൂര കോൺക്രീറ്റ് ചെയ്തതാ ണെങ്കിലും സിമൻറ് തേക്കാത്ത ഭിത്തിയും തറയുമൊക്കെയാണ് കൂടുതലും .
പല പ്രാവശ്യം വെള്ളം കയറിയത് വീടുകൾക്ക് ദോഷകരമായി ബാധിച്ചു. സർക്കാർ പറമ്പ് കോളനിയിൽ ഏറ്റവും കൂടുതൽ വെള്ളം കയറിയത് കല്ലടയിൽ ലീലയുടേയും കാളികത്തൊടിക കണ്ണൻകുട്ടിയുടെയും കാളിയ തൊടിക ദേവകിയുടേയും വീടുകളാണ്. ലീലയുടെ വീട് 2007 ലെ വെള്ളപ്പൊക്കത്തിൽ തകർന്നു വീണതാണ്.
പഞ്ചായത്തിന്റെ സഹായത്തോടെയാണ് ഇപ്പോഴത്തെ വീട് ഒരു വിധം ഉണ്ടാക്കിയത്. പണി പൂർത്തിയാകാതെ കുറെ ഭാഗം ഓടിട്ട് ചുറ്റുപാടും ഷീറ്റും വലിച്ചുകെട്ടിയ നിലയിലാണ്. വെള്ളം കയറിയതോടെ തറയിൽ ചവിട്ടുമ്പോൾ താഴുന്ന സ്ഥിതിയിലായി.
അപായ സാധ്യതയുള്ളതിനാൽ ലീല മകളുടെ വീട്ടിലേക്ക് താമസം തൽക്കാലം മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം അവർ വീട്ടിലേക്ക് മടങ്ങി.അപകടാവസ്ഥയിലുള്ള വീട്ടിൽ ഭീതിയോടെ കഴിയുന്ന സ്ഥിതിയുമാണ്.