ചാലക്കുടി: സൗത്ത് ജംഗ്ഷനിൽ ഹൗസിംഗ് ബോർഡ് കോളനി റോഡിൽ കട്ടവിരി സ്തംഭിച്ചു. റോഡ് ഉയർത്താതെ കരാറുകാരൻ കട്ട വിരിച്ചു തുടങ്ങിയപ്പോൾ വാർഡ് കൗണ്‍സിലർ തടഞ്ഞതാണ് കാരണം. ഇതോടെ കരാറുകാരൻ പണി നിർത്തിവച്ചു. ഒടുവിൽ കൗണ്‍സിലറുമായി കരാറുകാരൻ ധാരണയിലെത്തിയതായി പറയുന്നു.
വിരിച്ച കട്ടകൾ റോഡിൽനിന്നും പൊളിച്ചുമാറ്റി റോഡ് ഉയർത്തിയശേഷം വീണ്ടും കട്ട വിരിക്കാമെന്ന് കരാറുകാരൻ സമ്മതിച്ചതായി കൗണ്‍സിലർ പറയുന്നു. എന്തായാലും ഹൗസിംഗ് ബോർഡ് കോളനി റോഡിലൂടെ ഇപ്പോൾ വാഹനങ്ങൾക്ക് പോകാൻ പറ്റാത്ത അവസ്ഥയാണ്.
ആഴ്ച്ചകളായി കട്ടവിരി സ്തംഭിച്ചിട്ടുണ്ട്. ഇഷ്ടിക കട്ടകൾ റോഡിൽ കൂട്ടിയിട്ടിരിക്കയാണ്. കട്ടവിരിച്ചത് ഇനി പൊളിച്ചു മാറ്റാൻ സമയം വേണ്ടിവരും. ഇതേ കരാറുകാരൻ തന്നെയാണ് ഗവ. ഗേൾസ് സ്കൂളിനു സമീപമുള്ള റോഡിന്റെ കട്ടവിരിക്കുന്നത്. ഈ റോഡിലെ പണിയും ആഴ്ചകളായി നിർത്തിവച്ചിരിക്കയാണ്.
റോഡിന്റെ കുറിച്ച് ഭാഗത്ത് 4.5 മീറ്റർ വീതിയുണ്ട്. എന്നാൽ കരാർ എടുത്തിരിക്കുന്ന മൂന്നു മീറ്റർ വീതിയിൽ കട്ടവിരിക്കാനാണ്. ഇവിടെയും കൗണ്‍സിലർ ഉടക്കി 4.5 മീറ്റർ തന്നെ കട്ട വിരിക്കണമെന്നാണ് കൗണ്‍സിലറുടെ ആവശ്യം. എന്നാൽ കരാർ പ്രകാരം കട്ടവിരിക്കുകയുള്ളൂവെന്ന് കരാറുകാരൻ. മൂന്നുമീറ്റർ വീതിയിൽ കട്ടവിരിച്ചപ്പോൾ റോഡിന്റെ ഇരുവശത്തും കട്ടയില്ല.
റോഡിന്റെ നീളം കുറച്ച് കട്ടവിരിച്ചത് 4.5 മീറ്റർ വീതിയിൽ കട്ടവിരിക്കാനാണ് കൗണ്‍സിലറുടെ നിർദേശം. കട്ടവിരി പാതിവഴിയിൽ നിർത്തിയപ്പോൾ ഇവിടെ അപകടം പതിവായിരിക്കയാണ്.