തിരുവനന്തപുരം: കുടിവെള്ള ടാങ്കിനു നീലനിറവും മാലിന്യ ടാങ്കിനു ബ്രൗണ്‍ നിറവും നൽകാൻ ട്രാൻസ്പോർട്ട് അഥോറിറ്റി തീരുമാനിച്ചു. മലിന ജലം കൊണ്ടുപോകുന്ന ടാങ്കിൽ കുടിവെള്ളം കൊണ്ടുപോകുന്നതായി നിയമസഭാ സമിതി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മലിനജലം കൊണ്ടുപോകുന്ന ടാങ്കുകളിൽ ജിപിഎസ് ഘടിപ്പിക്കും. ഇതോടെ അതതു മേഖലയിലെ ട്രാൻസ്പോർട്ട് ഉദ്യോഗസ്ഥർക്ക് മലിനജല ടാങ്കുകളുടെ നീക്കം നിരീക്ഷിക്കാനാകും.
ടൂറിസ്റ്റ് ബസുകൾക്കുള്ള കളർ കോഡ് സംബന്ധിച്ച് യോഗത്തിൽ വിശദീകരിച്ചു. ടൂറിസ്റ്റ് ബസുകൾക്ക് നീല,വെള്ള, ബ്രൗണ്‍ നിറങ്ങളാണ് നിർദേശിച്ചത്. അടുത്ത സിഎഫ് ടെസ്റ്റിനായി പെയിന്റിംഗ് നടത്തുന്നതു മുതൽ ഇതു പ്രാബല്യത്തിലാകും. ബസുകളിൽ യാതൊരുവിധ ഗ്രാഫിക്സും ഇനിമേൽ പാടില്ല. അധികമായി ഫിറ്റ് ചെയ്തിരിക്കുന്ന ലൈറ്റുകൾ, അനുമതിയുള്ളതിൽ കൂടുതലുള്ള സൗണ്ട് സിസ്റ്റം എന്നിവ അനുവദിക്കേണ്ടെന്നും യോഗം തീരുമാനിച്ചു. 13 സ്വകാര്യ ബസ് റൂട്ടിന് പെർമിറ്റ് പുതുക്കി നൽകാൻ യോഗം തീരുമാനിച്ചു.
യോഗത്തിൽ ട്രാൻസ്പോർട്ട് അഥോറിറ്റി ചെയർപേഴ്സണ്‍ ശ്രീലേഖ, ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ രാജീവ് പുത്തലത്ത്, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ, ടൂറിസ്റ്റ് ബസ് ഉടമകളുടെ വിവിധ സംഘടനകൾ എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു.