അടിമാലി: നാട്ടുംപുറത്തു കാണപ്പെടുന്ന സാധാരണ പാന്പുകളെ മാത്രം കണ്ടുപരിചയിച്ച അടിമാലിക്കാർക്ക് കൗതുകമായി “കളർ ഫുൾ’ പാന്പ്. വനാന്തരങ്ങളിൽ മാത്രം കണ്ടുവരുന്ന പറക്കാൻ കഴിവുള്ള ക്രിസോഫീലീയ ഓർണാട്ടാ എന്ന പാന്പിനത്തെയാണ് അടിമാലി കാംകോ ജംഗ്ഷനിൽനിന്നു കണ്ടെത്തിയത്. ജംഗ്ഷനിലെ മരങ്ങളിൽ ഒന്നിൽ തൂങ്ങിക്കിടന്നിരുന്ന പാന്പിനെ നാട്ടുകാർ അറിയിച്ചതിനെത്തുടർന്നു വനപാലകരെത്തി പിടികൂടി കാട്ടിൽ തുറന്നുവിട്ടു.
പറക്കും അണ്ണാനെപ്പോലെ പറക്കുന്ന ഒരിനം പാന്പാണ് നാഗത്താൻ പാന്പ്. പറക്കും പാന്പ് എന്നും അറിയപ്പെടുന്നു. പൊന്നിന്റെ നിറവും ചുവപ്പും കറുപ്പും വരകളും കുറികളുമൊക്കെയുള്ളതാണ് പാന്പ്.
മരംകയറി പാന്പുകളായ ഇവ മുകളിൽനിന്നു താഴേക്ക് തെന്നി പറന്നിറങ്ങാറുണ്ട്. പ്രധാനമായും സഹ്യപർവതനിരകളിലെ കാടുകളിലാണ് കാണപ്പെടുന്നത്. പല്ലികളും ഓന്തുകളുമാണ് പ്രധാന ഭക്ഷണം. ശരാശരി ഒന്നര മീറ്ററോളം നീളമുള്ള ഇവയ്ക്ക് അലങ്കാരപ്പാന്പ് എന്നൊരു പേരുകൂടിയുണ്ട്.
നാഗത്താൻ പാന്പുകളുടെ ഇളം പച്ചനിറമുള്ള ഉപരിഭാഗത്തു വിലങ്ങനെ കൃത്യമായി ഇടവിട്ടുള്ള കറുപ്പുവരകളുണ്ട്. വരകളുടെ സ്ഥാനത്തുള്ള ചെതുന്പലുകളുടെ അരികുകൾ കറുത്തിരിക്കും. അടുത്തടുത്തുള്ള ചെതുന്പലുകളുടെ കറുത്ത അരികുകൾ തുടർച്ചയായ ഒരു വരപോലെ തോന്നിക്കുന്നു.
ചില പാന്പുകൾക്കു മുതുകിലെ നടുവരിയിലുള്ള ചെതുന്പലുകളിൽ മഞ്ഞനിറത്തിലുള്ള പുള്ളികൾ കാണപ്പെടാറുണ്ട്. മരം കയറാൻ ഉപകരിക്കത്തക്കവിധം വയറിന്റെ അരികു മടങ്ങിയാണിരിക്കുന്നത്. വായിൽ 20 -22 പല്ലുകളുണ്ട്. വിഷമുണ്ടെങ്കിലും പൊതുവേ മനുഷ്യർക്കു ഹാനികരമല്ല.
വളരെ ഉയരമുള്ള മരക്കൊന്പിൽനിന്നുപോലും ഇവ എടുത്തുചാടും. വേഗത്തിലുള്ള ഈ ചാട്ടം കണ്ടാൽ പാന്പ് പറക്കുകയാണെന്നു തോന്നും. ചാടുന്പോൾ ഇവ വാരിയെല്ലുകൾ വികസിപ്പിച്ച ശേഷം അടിഭാഗം ഉള്ളിലേക്കു വലിച്ചു ശരീരം ഒരു ചെറിയ ഗ്ലൈഡർപോലെ ആക്കി മാറ്റുന്നു. ഇങ്ങനെ നേരിട്ട് താഴേക്കു വീഴാതെ രക്ഷപ്പെടുകയും ചെയ്യുന്നു.