ഇന്ത്യന്‍ ഡെല്‍റ്റ വകഭേദത്തിന്റെ ഭീഷണി മാറുന്നതിനു മുമ്പു തന്നെ ലോകം കൂടുതല്‍ പ്രതിസന്ധിയിലേക്കെന്ന് സൂചന. ദക്ഷിണാഫ്രിക്കയില്‍ രൂപം കൊണ്ട മാരക വകഭേദത്തെ ചെറുക്കാനുള്ള ലോകരാജ്യങ്ങള്‍ക്ക് വിഘാതമാവുകയാണ് പുതിയ സംഭവ വികാസങ്ങള്‍.
കൊളംബിയന്‍ വകഭേദമാണ് ഇപ്പോള്‍ ലോകത്തിന്റെ പുതിയ ഭീഷണി. എം യു എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ വകഭേദത്തിന്റെ പുറകെയാണ് ഇപ്പോള്‍ ലോകാരോഗ്യ സംഘടന.
ബി.1.621 എന്ന് ശാസ്ത്രീയ നാമമുള്ള ഈ വകഭേദത്തെ കഴിഞ്ഞ ജനുവരിയില്‍ കൊളംബിയയിലാണ് ആദ്യമായി കണ്ടെത്തിയത്.
അന്നുതൊട്ട് ഇന്നുവരെ ഏകദേശം 4,000 ല്‍ അധികം ആളുകളില്‍ ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. 40ഓളം രാജ്യങ്ങളീല്‍ ഇതിന്റെ സാന്നിദ്ധ്യം സ്ഥിരീകരിക്കപ്പെട്ടിട്ടുമുണ്ട്.
ബ്രിട്ടനില്‍ നൂറോളവും അമേരിക്കയില്‍ നൂറുക്കണക്കിനും ആളുകളെ ഈ വകഭേദം ഇതിനോടകം ബാധിച്ചു കഴിഞ്ഞു. വാക്സിനുകള്‍ ഈ വകഭേദത്തിനെതിരേ നിഷ്ഫലമാവുമെന്നുതന്നെയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
മാത്രമല്ല, ഇതിന് വ്യാപനശേഷിയും അധികമാണെന്നാണ് കരുതപ്പെടുന്നത്. എന്തായാലും, കൂടുതല്‍ പഠനങ്ങള്‍ക്ക് ശേഷം മാത്രമേ ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കാനാകൂ എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
നിലവില്‍ ലോകാരോഗ്യ സംഘടനയുടെ ”പഠനവിധേയമാക്കേണ്ടുന്ന വകഭേദം” എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ വൈറസിനെ 2021 ജനുവരിയിലാണ് ആദ്യമായി കണ്ടെത്തിയത്.
അതിനുശേഷം തെക്കെ അമേരിക്കയിലേയും യൂറോപ്പിലേയും ചില രാജ്യങ്ങളില്‍ ഇതിന്റെ വ്യാപകമായ പടര്‍ച്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
ലോകവ്യാപകമായി 0.1 ശതമാനം രോഗികളില്‍ മാത്രമാണ് ഇതുള്ളത് എന്ന് ആശ്വസിക്കാമെങ്കിലും കൊളംബിയയിലും ഇക്വഡോറിലും ഇതിന്റെ വ്യാപനം വര്‍ദ്ധിക്കുകയാണ്.
നിലവില്‍, ആശങ്കയുണര്‍ത്തുന്ന വകഭേദങ്ങളുടെ ലിസ്റ്റില്‍ നാല് വകഭേദങ്ങളെയാണ് ലോകാരോഗ്യ സംഘടന ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇതില്‍ ആല്‍ഫാ, ബീറ്റ, ഗാമ, ഡെല്‍റ്റ എന്നിവയാണ് ഉള്ളത്.
അതേസമയം, കൂടുതല്‍ പഠനവിധേയമാക്കേണ്ടുന്ന വകഭേദങ്ങളുടെ വിഭാഗത്തില്‍, എറ്റ, ലോറ്റ, കാപ്പ, ലാംബ്ഡ എന്നീ വകഭേദങ്ങള്‍ക്കൊപ്പമാണ് ഇപ്പോള്‍ എം യു വിനേയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.