കൊച്ചി: രോഗം, പരിക്ക് തുടങ്ങിയ കാരണങ്ങളാൽ അബോധാവസ്ഥയിലായ വ്യക്തികളുടെ സ്വത്തു വകകൾ കൈകാര്യം ചെയ്യാൻ അടുത്ത ബന്ധുക്കളിലൊരാളെ രക്ഷാകർത്താവായി നിയമിക്കാനാവുമെന്നു ഹൈക്കോടതി വ്യക്തമാക്കി. ഇതിനായി ഹൈക്കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും ജസ്റ്റീസ് പി.ആർ. രാമചന്ദ്ര മേനോൻ, ജസ്റ്റീസ് എൻ. അനിൽ കുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ പറയുന്നു.
അബോധാവസ്ഥയിൽ കഴിയുന്നയാളുടെ ഭാര്യയെയോ മക്കളിലൊരാളെയോ നിയമപരമായ മറ്റ് അനന്തരാവകാശികളിലൊരാളെയോ രക്ഷാകർത്താവായി നിയമിക്കാനാവുമെന്നും കോടതി പറഞ്ഞു. ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്നവരുടെ സ്വത്തുക്കൾ സംരക്ഷിക്കാനും കൈകാര്യം ചെയ്യാനും രക്ഷാകർത്താക്കളെ നിയമിക്കാമെന്ന് വിവിധ നിയമങ്ങളിൽ പറയുന്നുണ്ടെങ്കിലും കോമ സ്റ്റേജിലുള്ളവരുടെ കാര്യത്തിൽ ഇത്തരം വ്യവസ്ഥകൾ പറയുന്നില്ലെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി.
ഇക്കാര്യത്തിൽ നിയമനിർമാണം നടത്തേണ്ടത് പാർലമെന്റാണ്. നിയമം വരുന്നതുവരെ നടപ്പാക്കാൻ 14 മാർഗ നിർദേശങ്ങളും ഡിവിഷൻ ബെഞ്ച് നൽകി. കോമ സ്റ്റേജിൽ കഴിയുന്ന എറണാകുളം മരട് താമരശേരി വീട്ടിൽ ടി. ഗോപാലകൃഷ്ണന്റെ ഭാര്യ ശോഭ, മകൻ നവനീത് കൃഷ്ണൻ, ഇതേ സ്ഥിതിയിൽ കഴിയുന്ന ഇരുന്പനം സ്വദേശി ടി.വി. വർക്കിയുടെ ഭാര്യ ഷേർളി, മക്കളായ വർഷ, തുഷാര എന്നിവർ നൽകിയ ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്.
മരട് സ്വദേശി ഗോപാലകൃഷ്ണൻ കഴിഞ്ഞ ജനുവരിയിൽ മരിച്ച സാഹചര്യത്തിൽ ഭാര്യക്കും മകനും സ്വത്ത് കൈകാര്യം ചെയ്യുന്നതിന് മറ്റു നിയമപരമായ നടപടികൾ സ്വീകരിക്കാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ടി.വി. വർക്കിയുടെ കാര്യത്തിൽ ഭാര്യ ഷേർളിയെ രക്ഷാകർത്താവായി നിയോഗിച്ചു.