കോണ്‍ഗ്രസിനെ വിശ്വസിക്കാനും ബിജെപി-അകാലിദള്‍ സഖ്യത്തിനെ തള്ളിക്കളയാനും പഞ്ചാബ് ജനതയെ പ്രേരിപ്പിച്ച ഘടകങ്ങള്‍ ഇവയാണ്…

punjabമറ്റെല്ലാ സംസ്ഥാനങ്ങളിലും തകര്‍ന്നടിഞ്ഞിട്ടും കോണ്‍ഗ്രസ് പഞ്ചാബില്‍ കൈവരിച്ചത് ഉജ്ജ്വലവിജയമാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടം മുതല്‍ ആം ആദ്മി അധികാരത്തിലേറുമെന്നായിരുന്നു പരക്കെ പ്രചരിക്കപ്പെട്ടത്. എക്‌സിറ്റ് പോളുകള്‍ പോലും ആം ആദ്മി കഴിഞ്ഞ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം ആവര്‍ത്തിക്കുമെന്ന് പ്രഖ്യാപിക്കുന്നവയായിരുന്നു. എന്നാല്‍ അതെല്ലാം കാറ്റില്‍ പറത്തിയായിരുന്നു കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവ്. ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കേറിയ മുന്‍ ക്രിക്കറ്റ് താരം നവ്‌ജ്യോത് സിംഗ്‌സ സിദ്ധുവിന്റെ പ്രഭാവം പഞ്ചാബില്‍ കോണ്‍ഗ്രസ് മുന്നേറ്റത്തിന് പ്രേരകശക്തിയായി. പ്രചാരണത്തിനിടെ ബിജെപിയ്‌ക്കെതിരേ ആഞ്ഞടിച്ച സിദ്ധു ഭരണവിരുദ്ധ വികാരം ആളിക്കത്തിച്ചു.

യഥാര്‍ഥത്തില്‍ ബിജെപി-അകാലിദള്‍ ഗവണ്‍മെന്റ് താന്‍ കുഴിച്ച കുഴിയില്‍ വീഴുകയായിരുന്നു. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഗവണ്‍മെന്റിനെ അക്ഷരാര്‍ഥത്തില്‍ ജനങ്ങള്‍ ആട്ടിപ്പായിച്ചു. കഴിഞ്ഞ തവണ 68 സീറ്റ് നേടി അധികാരത്തില്‍ വന്ന സഖ്യത്തിന് നാലിലൊന്നു സീറ്റുമാത്രമാണ് നേടാനായത്. കഴിഞ്ഞ തവണ 46 സീറ്റ് നേടിയ കോണ്‍ഗ്രസ് ഇത്തവണ അത് 75 ആക്കി ഉയര്‍ത്തി. അകാലിദള്‍-ബിജെപി സഖ്യത്തിന്റെ സീറ്റുകള്‍ ഇത്തവണ ആംആദ്മിയും കോണ്‍ഗ്രസും പങ്കിട്ടെടുത്തു.

മയക്കുമരുന്നു കടത്തും കൊലപാതകങ്ങളും വര്‍ദ്ധിച്ചത് പഞ്ചാബിലെ ജനങ്ങളില്‍ സൃഷ്ടിച്ച അരക്ഷിതാവസ്ഥയുടെ പ്രതിഫലനമായിരുന്നു ഈ തെരഞ്ഞെടുപ്പുഫലം. സംസ്ഥാനത്ത് നടമാടുന്ന മയക്കുമരുന്നു മാഫിയകളെ തടയുന്നതില്‍ ബിജെപി-അകാലിദള്‍ ഗവണ്‍മെന്റ് അമ്പേ പരാജയപ്പെട്ടതും തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായി. നിലവിലെ പ്രതിപക്ഷനേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് അംഗവുമായ അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. നവജ്യോത് സിംഗ് സിദ്ധുവിന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്‌. 75 വയസു പിന്നിട്ട അമരീന്ദര്‍ സിംഗിനെ മുഖ്യമന്ത്രിയാക്കുന്നതിനേക്കാള്‍ താരതമ്യേന ചെറുപ്പക്കാരനായ സിദ്ധുവിനെ മുഖ്യമന്ത്രിയാക്കുന്നതായിരിക്കും പാര്‍ട്ടിയുടെ ഭാവിയ്ക്കു നല്ലതെന്നും അഭിപ്രായമുയരുന്നുണ്ട്.

 

Related posts