കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ വില്ലന്‍, കോമഡി വേഷങ്ങളിലൂടെ തിളങ്ങിയ നടനെ പോലീസ് അറസ്റ്റു ചെയ്തേക്കും. സംഭവവുമായി ഈ നടന് ബന്ധമുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ദിലീപിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ദിവസം രാത്രി ഈ നടന് പോലീസ് സ്റ്റേഷനിലെത്തിയിരുന്നു. അന്ന് പാതിരാത്രി ഇയാളെ വീട്ടിലേക്കു കൊണ്ടുപോയതും ഈ നടനാണ്. കോമഡി താരമായി സിനിമയിലെത്തി നായകനും വില്ലനായും തിളങ്ങിയ താരത്തിനെതിരേ നേരത്തെയും പരാതികളുയര്‍ന്നിരുന്നു. കൊച്ചിയില്‍ അടക്കം ഇയാള്‍ക്ക് ഹോട്ടല്‍ ബിസിനസുമുണ്ട്. അതേസമയം, ഗായിക റിമി ടോമിയെയും ദിലീപിന്റെ ഭാര്യയെയും പോലീസ് വീണ്ടും ചോദ്യം ചെയ്യും.
കഴിഞ്ഞ മൂന്നു മാസമായി സംശയമുനയിലുള്ള നടന് പോലീസ് നിരീക്ഷണത്തിലാണ്. ദിലീപിന്റെ അറസ്റ്റിനു ശേഷമുള്ള ഈ പ്രമുഖന്റെ നീക്കങ്ങളാണ് പോലീസില്‍ സംശയം ജനിപ്പിച്ചത് എന്ന് പറയുന്നു. കാവ്യ മാധവനെ ചോദ്യം ചെയ്തപ്പോള്‍ ഈ വ്യക്തിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു എന്നു സൂചനയുണ്ട്. ദിലീപ് ജയിലിലായ ശേഷം പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ ഈ പ്രമുഖന്റെ ഭാഗത്തു നിന്ന് ഉണ്ടായി എന്നും ചില റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
അതിനിടെ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഇന്ന് കീഴടങ്ങിയേക്കുമെന്ന് സൂചനയുണ്ട്. അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. അപ്പുണ്ണി ഹാജരായാല്‍ അറസ്റ്റ് ഉറപ്പാണ്. ദിലീപിന്റെ അഭിഭാഷകരും അപ്പുണ്ണി കീഴടങ്ങണമെന്ന നിലപാടിലാണ്. ഇയാള്‍ ഒളിവില്‍ കഴിയുന്നത് ദിലീപിന്റെ ജാമ്യത്തെയും കേസിന്റെ തുടര്‍ന്നുള്ള നടത്തിപ്പിനെയും ബാധിക്കുമെന്നതിനാലാണ് ഇത്.