ചാലക്കുടി: സൗത്ത് ജംഗ്ഷനിൽ നിർമാണം പൂർത്തീകരിച്ച് ഒരു വർഷം കഴിഞ്ഞിട്ടും കംഫർട്ട് സ്റ്റേഷൻ ഇനിയും തുറന്നില്ല. കഴിഞ്ഞ ഒരു മാസം മുന്പ് നഗരസഭ ചെയർപേഴ്സണ് ഉഷ പരമേശ്വരൻ സ്ഥാനം ഒഴിയുന്നതിന് മുന്പ് ഉദ്ഘാടനം തീരുമാനിച്ചതായിരുന്നു. എന്നാൽ ഉദ്ഘാടനം നടത്താതെ ചെയർപേഴ്സണ് രാജിവച്ച് പോകുകയായിരുന്നു.
കംഫർട്ട് സ്റ്റേഷൻ നടത്തിപ്പിന് ലേലം ചെയ്യാൻ ശ്രമിച്ചെങ്കിലും ഉയർന്ന നിരക്കായതിനാൽ ആരും ലേലം ചെയ്യാൻ ഉണ്ടായില്ല. നേരത്തെ ഇവിടെ ഉണ്ടായിരുന്ന കംഫർട്ട് സ്റ്റേഷൻ പ്രവർത്തനയോഗ്യമല്ലാതായതിനെ തുടർന്ന് വർഷങ്ങളായി അടഞ്ഞു കിടക്കുകയായിരുന്നു. ഈ കൗണ്സിൽ വന്നശേഷമാണ് പഴയ കംഫർട്ട് സ്റ്റേഷൻ പൊളിച്ചു മാറ്റി കടമുറികളോടു കൂടി പുതിയത് നിർമിച്ചത്.
കടമുറികൾ്ക് കൂടുതൽ സൗകര്യമുണ്ടാക്കി നിർമിച്ചിരിക്കുന്ന കംഫയർട്ട് സ്റ്റേഷനിൽ പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ പരമിതമാണ്. എന്നാലും കംഫർട്ട് സ്റ്റേഷൻ പ്രവർത്തിച്ചാൽ നാട്ടുകാർക്ക് ആശ്വസമായിരുന്നു. പഴയ കംഫർട്ട് സ്റ്റേഷൻ പ്രവർത്തിച്ചപ്പോൾ വാട്ടർ അഥോറിറ്റിക്ക് അടക്കേണ്ട വെള്ളത്തിന്റെ ബിൽ ഇപ്പോഴും കുടിശികയാണ്.
പുതിയതിന് വാട്ടർ കണക്ഷൻ ലഭിക്കണമെങ്കിൽ പഴയ കുടിശിക മൂന്നു ലക്ഷം രൂപയോളം അടയ്ക്കണം. ചാലക്കുടി നഗരസഭയായി ഉയർത്തിയിട്ട് സുവർണ ജൂബിലിയോട് അടുത്തിട്ടും ഇതുവരെ ടൗണിൽ ഇവിടെ എത്തുന്ന ജനങ്ങൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ സൗകര്യം ഉണ്ടാക്കിയിട്ടില്ല.
അതിരപ്പിള്ളിയിലേക്ക് ഉൾപ്പെടെ ഇതുവഴി കടന്നു പോകുന്ന ടൂറിസ്റ്റുകളും മറ്റും ഇതുമൂലം ബുദ്ധിമുട്ടുകയാണ്. നേരത്തെ ആനമല ജംഗ്ഷനിലുണ്ടായിരുന്നത് ഉപയോഗയോഗ്യമല്ലാതായതിനെ തുടർന്ന് പൊളിച്ചു മാറ്റി. ഇപ്പോൾ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ മാത്രമാണ് കംഫർട്ട് സ്റ്റേഷൻ ഉള്ളത്.