കോട്ടയം: പൊതുശൗചാലയങ്ങളുടെ കുറവ് കോട്ടയം നഗരത്തിലെത്തുന്ന യാത്രക്കാരെ വലയ്ക്കുന്നു. നഗരത്തിൽ ജോലിക്കെത്തുന്നവരെയും ദൈനംദിന ആവശ്യങ്ങൾക്കായി നഗരത്തിൽ വന്നുപോകുന്നവരെയും ശൗചാലയങ്ങളുടെ കുറവ് കാര്യമായി ബാധിക്കുകയാണ്.
പ്രത്യേകിച്ചും സ്ത്രീകൾക്കാണ് ബുദ്ധിമുട്ട് ഏറെയും.തിരുനക്കര ബസ് സ്റ്റാഡിൽ സാമൂഹിക സംഘടനയുടെ നേതൃത്വത്തിൽ മൂത്രപ്പുര ഇപ്പോൾ തുറന്ന് പ്രവർത്തിക്കുന്നുണ്ടെങ്കിലും പണം കൊടുത്താൽ മാത്രമേ ഉപയോഗിക്കാനാവൂ.
ഇതേ ബസ് സ്റ്റാഡിലെ കോണിൽ പുരുഷന്മാർക്കുള്ള മൂത്രപ്പുരയുണ്ടെങ്കിലും വൃത്തി ഹീനമാണ്. ഒരു സമയം ഒരാൾക്കു മാത്രമേ ഉപയോഗിക്കാനാവൂ എന്നത് പലപ്പോഴും ആളുകൾക്ക് കാത്തുനിൽക്കേണ്ട സ്ഥിതിയിലെത്തിക്കുന്നു.
മുനിസിപ്പാലിറ്റിയുടെ വനിതകൾക്കായുള്ള കംഫർട്ട് സ്റ്റേഷൻ തിരുനക്കര മൈതാനത്തിന്റെ പുറകിൽ റോഡിനോടു ചേർന്ന് നിർമിച്ചിട്ടുണ്ടെങ്കിലും പ്രവർത്തന ക്ഷമമല്ല.
കോവിഡ് കാലത്ത് അടച്ചു പൂട്ടിയത് ഇപ്പോഴും തുറന്നു പ്രവർത്തിപ്പിക്കാൻ അധികാരികൾ തയാറായിട്ടില്ല.കെഎസ്ആർടിസി ബസ് സ്റ്റാഡിനുള്ളിൽ പ്രവർത്തിക്കുന്ന പണം കൊടുത്ത് ഉപയോഗിക്കുന്ന പൊതു ശൗചാലയവും വൃത്തി ഹീനമാണ്.
യാത്രക്കാർ മറ്റു മാർഗം ഇല്ലാത്തതിനാൽ മാത്രമാണ് ഇവ ഉപയോഗിക്കുന്നത്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ദിനവും നിരവധി യാത്രക്കാർ എത്തുന്ന നഗരത്തിൽ സൗകര്യപ്രദമായ രീതിയിൽ ശൗചാലയങ്ങൾ അത്യാവശ്യമാണ്.