കാഞ്ഞിരപ്പള്ളി: ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന് വീണ്ടും പൂട്ടി. സെപ്റ്റിക് ടാങ്ക് നിറഞ്ഞ് സ്റ്റാന്‍ഡിലൂടെ മലിനജലം ഒഴുകാന്‍ തുടങ്ങിയതാണ് പൂട്ടിയിടാന്‍ കാരണമെന്നു പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
2010ല്‍ 25 വര്‍ഷത്തേക്ക് ബിഒടി അടിസ്ഥാനത്തില്‍ നിര്‍മിച്ച കംഫര്‍ട്ട് സ്റ്റേഷനാണ് മതിയായ സെപ്റ്റിക് ടാങ്കുകള്‍ ഇല്ലാത്തത്.
മലിന ജലം ഒഴുകുന്നു
തുടര്‍ച്ചയായി വേനല്‍ മഴ പെയ്തതോടെ സ്റ്റാന്‍ഡിലെ ബസ് സ്റ്റാന്‍ഡിലൂടെ മലിന ജലം ഒഴുകി ദുര്‍ഗന്ധവും വമിച്ചു തുടങ്ങിയപ്പോഴാണ് താത്കാലികമായി അടച്ചു പൂട്ടിയത്.
ദിവസേന മുന്നൂറിലധികം ബസുകള്‍ കടന്നു പോകുന്ന സ്റ്റാന്‍ഡില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും പ്രാഥമികാവശ്യങ്ങള്‍ക്ക് മറ്റ് മാര്‍ഗങ്ങളിലാത്ത അവസ്ഥയാണ്.
കംഫര്‍ട്ട് സ്റ്റേഷന് സ്ഥിതി ചെയ്യുന്ന ഭാഗത്തെ ഉറവയാണ് പുതിയ മാലിന്യക്കുഴി നിര്‍മിക്കുന്നതിനു തടസമായി നില്ക്കുന്നതെന്നു പഞ്ചായത്ത് അധികൃതര്‍ പറയുന്നു.
ട്രീറ്റ്മെന്റ് പ്ലാന്റ് നിർമിക്കും
പര്യാപ്തമായ സെപ്റ്റിക് ടാങ്കും സോക്പിറ്റും ഇല്ലാത്തതാണ് പ്രധാന കാരണം. കൂടാതെ മഴക്കാലത്ത് മണ്ണിനടിയില്‍ ഉറവയും ഉണ്ടാകുന്നതോടെ ടാങ്ക് നിറഞ്ഞു ജലം പുറത്തേക്ക് ഒഴുകും.
ഇതു പരിഹരിക്കാന്‍ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാന്‍ ധനകാര്യ കമ്മീഷന്റെയും ശുചിത്വമിഷന്റെയും ഫണ്ട് ഉപയോഗിച്ചു പദ്ധതി തയാറാക്കിയിരുന്നു.
എന്നാല്‍, പദ്ധതി തയാറാക്കിയ ചെന്നൈ ആസ്ഥാനമായുള്ള ഇക്കോ ടെക് എന്ന ഏജന്‍സിക്കു ശുചിത്വ മിഷന്റെ അംഗീകാരം ഇല്ലാത്തതാണ് പ്രവര്‍ത്തനങ്ങള്‍ വൈകുന്നതിനു കാരണമെന്നു പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
അംഗീകാരമുള്ള ഏജന്‍സിയെ നിയോഗിച്ചു വൈകാതെ ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മിച്ചു പ്രശ്നം പരിഹരിക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.