ഗോൾഡ് കോസ്റ്റ്: 21-ാം കോമണ്‍വെൽത്ത് ഗെയിംസിന് ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ നാളെ തിരിതെളിയും. ഉദ്ഘാടന പരിപാടികൾമാത്രമാണ് നാളെ നടക്കുക. മത്സരങ്ങൾ വ്യാഴാഴ്ച മുതൽ ആരംഭിക്കും. വ്യാഴാഴ്ച 19 മെഡൽ ഇവന്റുകൾ അരങ്ങേറും.
225 അംഗ സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഗോൾഡ് കോസ്റ്റിൽ എത്തിയിരിക്കുന്നത്. ഇന്ത്യൻ താരങ്ങൾ മികച്ച പ്രകടനം പുറത്തെടുത്ത ചരിത്രമാണ് ഇതുവരെയുള്ളത്. കഴിഞ്ഞ മൂന്ന് എഡിഷനുകളിലായി 215 മെഡലുകൾ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. 2006ൽ 50ഉം 2010ൽ 101ഉം 2014ൽ 64ഉം മെഡലുകൾ ഇന്ത്യൻ സംഘം കൈക്കലാക്കി.
ബാഡ്മിന്റണ്‍, ഷൂട്ടിംഗ്, ബോക്സിംഗ്, ഭാരോദ്വഹനം എന്നീ മത്സര വിഭാഗങ്ങളിൽനിന്നാണ് ഇന്ത്യ കൂടുതൽ മെഡലുകൾ പ്രതീക്ഷിക്കുന്നത്. കെ.ടി. ഇർഫാൻ, നീരജ് ചോപ്ര, നയന ജയിംസ്, സീമ പൂനിയ തുടങ്ങിയവരണിനിരക്കുന്ന അത്ലറ്റിക്സ് വേദികളിൽനിന്നും ഇന്ത്യ മെഡലുകൾ സ്വപ്നം കാണുന്നുണ്ട്. ഇർഫാൻ, നയന, സജൻ പ്രകാശ്, പ്രണോയ്, അലീന റെജി, പി.ആർ. ശ്രീജേഷ് തുടങ്ങി വിവിധ ഇനങ്ങളിലായി ഇറങ്ങുന്ന മലയാളികളും പ്രതീക്ഷ കാക്കാനിറങ്ങുന്നു.
സുവർണ പ്രതീക്ഷകൾ
ബാഡ്മിന്റണിൽ വനിതാ വിഭാഗം സിംഗിൾസിന് ഇറങ്ങുന്ന പി.വി. സിന്ധുവാണ് ഇന്ത്യയുടെ പ്രതീക്ഷകളിൽ ഏറ്റവും മുന്നിലുള്ളത്. റിയോ ഒളിന്പിക് വെള്ളി മെഡൽ നേട്ടക്കാരിയായ സിന്ധു ഗോൾഡ് കോസ്റ്റിൽ സ്വർണമാണ് പ്രതീക്ഷിക്കുന്നത്. സിന്ധുവിനൊപ്പം സൈന നെഹ്വാൾ, കിഡംബി ശ്രീകാന്ത്, എച്ച്.എസ്. പ്രണോയ് എന്നിവരും പുരുഷ-വനിതാ സിംഗിൾസുകളിൽ മെഡൽ പ്രതീക്ഷയുള്ളവർതന്നെ.
ഷൂട്ടിംഗാണ് ഇന്ത്യ മെഡൽ വേട്ട ലക്ഷ്യമിടുന്ന പ്രധാന ഇവന്റ്. ഷൂട്ടിംഗ് ലോകകപ്പിൽ ഇന്ത്യയുടെ അഭിമാനമായ പതിനാറുകാരി മനു ഭാകർ, സീമ തോമർ, അപൂർവി ചാന്ദേല, തേജസ്വിനി സാവന്ത്, ഹീന സന്ധു തുടങ്ങിയവരാണ് വനിതാ വിഭാഗത്തിലെ പ്രതീക്ഷകൾ. പുരുഷ വിഭാഗത്തിൽ ജിതു റായ്, നീരജ് കുമാർ, മാനവ്ജിത് സിംഗ് സന്ധു, ഓംപ്രകാശ് മിതാർവൾ, അൻകുർ മിത്തൽ, ചെയ്ൻ സിംഗ് തുടങ്ങിയവരും മെഡൽ പ്രതീക്ഷയ്ക്ക് തിളക്കം നല്കുന്നു.
സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബബിത കുമാരി, ദിവ്യ കക്രാൻ തുടങ്ങിയവരാണ് ഇന്ത്യയുടെ പ്രതീക്ഷകളുമായി ഗോദയിൽ ഇറങ്ങുന്ന പെണ്‍പുലികൾ. സുശീൽ കുമാർ, ബജ്റംഗ് കുമാർ, സോംവീർ തുടങ്ങിയവർ പുരുഷ വിഭാഗത്തിലെ ഗോദ സ്വപ്നങ്ങളാണ്.
ബോക്സിംഗിൽ മേരി കോം, സരിത ദേവി തുടങ്ങിയവരും ഭാരോദ്വഹനത്തിൽ സൻജിത ചാനുവും പുരുഷ വനിതാ ഹോക്കി, ടേബിൾ ടെന്നീസ് തുടങ്ങിയവയിലും ഇന്ത്യ മെഡലുകൾ പ്രതീക്ഷിക്കുന്നു.