ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള 18 അംഗ ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. മിഡ് ഫീല്‍ഡര്‍ മന്‍പ്രീത് സിംഗാണ് നായകൻ. മലയാളിയായ ഗോള്‍കീപ്പര്‍ പി.ആര്. ശ്രീജേഷ് ടീമിൽ തിരിച്ചെത്തി. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ശ്രീജേഷിനെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പറായിട്ടാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലേഷ്യയിൽ നടന്ന അസ്ലൻഷാ കപ്പ് ഹോക്കിയിൽ ശ്രീജേഷ് ടീമിൽ ഇല്ലായിരുന്നു.
മുന്‍ നായകനും മിഡ് ഫീല്‍ഡറുമായ സര്‍ദാര്‍ സിംഗിനെയും രമൺദീപ് സിംഗിനെയും ഒഴിവാക്കി. പ്രതിരോധനിര താരം ചിംഗ്ലെന്‍സന സിംഗാണ് വൈസ്ക്യാപ്റ്റൻ. മന്ദീപ് സിംഗ്, ലളിത് കുമാര്‍ ഉപാധ്യ, ആകാശ് ദീപ് സിംഗ്, എസ്.വി. സുനില്‍, ഗുര്‍ജന്‍ സിംഗ്, ദില്‍പ്രീത് സിംഗ് എന്നിവരാണ് മുന്നേറ്റനിരയിലെ താരങ്ങള്‍.
സുമിത്, വിവേക് സാഗര്‍ പ്രസാദ് എന്നിവർ മധ്യനിരയിലും രൂപീന്ദര്‍പാല്‍ സിംഗ്, ഹര്‍മന്‍പ്രീത് സിംഗ്, വരുണ്‍ കുമാര്‍, കോതാജിത് സിംഗ്, ഗുരീന്ദര്‍ സിംഗ്, അമിത് രോഹിദാസ് എന്നിവര്‍ പ്രതിരോധനിരയിലും സ്ഥാനമുറപ്പിച്ചു. ശ്രീജേഷിനു പുറമെ സൂരജ് കര്ക്കെരെയെയും ഗോള്‍കീപ്പറായി തെരഞ്ഞെടുത്തിട്ടുണ്ട്.
ഒാസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ ഏപ്രില്‍ നാലിന് ഗെയിംസ് ആരംഭിക്കുന്നത്. വെയ്ൽസ്, ഇംഗ്ലണ്ട്, പാക്കിസ്ഥാൻ, മലേഷ്യ എന്നിവ ഉള്‍പ്പെട്ട പൂള് ബിയിലാണ് ഇന്ത്യ. ഏപ്രില്‍ ഏഴിന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം.