
കോഴിക്കോട്: ഊന്നുവടിയുമായി കോഴിക്കോട് സിറ്റി പോലീസിന്റെ മുൻഗാമി സംഗമത്തിനെത്തിയ റിട്ട.എംഎസ്പി ഡെപ്യൂട്ടി കമൻഡാന്റിന് രണ്ടാമത്തെ ഊന്നുവടിയായി സിറ്റി പോലീസ് കമീഷണറും ഡിഐജിയുമായ എ.വി.ജോർജ്.
റിട്ടയർചെയ്ത പോലീസ് ഓഫീസർമാരുടെ കൂട്ടായ്മ രൂപീകരിക്കുന്നതിനായി കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സിറ്റി ജില്ലാ കമ്മിറ്റി ടൗൺഹാളിൽ സംഘടിപ്പിച്ച “മുൻഗാമികൾക്കൊപ്പം ‘ പരിപാടിയിലാണ് വികാരനിർഭരമായ രംഗങ്ങൾ അരങ്ങേറിയത്.
40 വർഷം മുന്പ് മലപ്പുറം എംഎസ്പിയിൽനിന്ന് വിരമിച്ച ഡെപ്യൂട്ടി കമൻഡാന്റ് കെ.വാസുദേവൻ നായർ ഏറ്റവും ആദ്യം ഹാളിലെത്തിയതായി സ്വാഗതപ്രസംഗകൻ സൂചിപ്പിച്ചിരുന്നു.
ചടങ്ങ് ഉദ്ഘാടനം ചെയ്തശേഷം മടങ്ങാനൊരുങ്ങിയ സിറ്റി പോലീസ് കമീഷണർ എ.വി.ജോർജിനോട്, റിട്ട. ഡെപ്യൂട്ടി കമീഷണറുമൊത്ത് ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ മാധ്യമപ്രവർത്തകൻ അഭ്യർഥിക്കുകയായിരുന്നു.
ഉടൻതന്നെ ആളെയന്വേഷിച്ച് കമീഷണർ സദസിലേക്ക് നടന്നു. ഊന്നുവടിയും കുത്തി കസേരയിൽ ഇരിക്കുകയായിരുന്ന വാസുദേവൻ നായരെ വാരിപ്പുണർന്ന കമീഷണർ കുശലാന്വേഷണം നടത്തി. മെല്ലെ കസേരയിൽനിന്നെഴുന്നേറ്റ മുൻ ഡെപ്യൂട്ടി കമാൻഡന്റിനെ കമ്മീഷണർ മാറോടു ചേർത്തണച്ചു.
ആരോഗ്യം എങ്ങനെയുണ്ട് എന്ന ചോദ്യത്തിന് പഴയ പോലീസല്ലേ, ഇപ്പോഴും കട്ടയ്ക്ക് കട്ടതന്നെ എന്നു മസിൽകാണിച്ചുള്ള മറുപടി. ഓർമയ്ക്കൊന്നും ഒരു കുറവുമില്ല, പറയത്തക്ക അസുഖങ്ങളുമില്ല, എല്ലാം പോലീസ് ക്യാന്പിലെ ചിട്ടയായ ജീവിതം പിന്തുടരുന്നതുകൊണ്ടാണെന്ന് അദ്ദേഹം പോലീസുകാരെ ഒർമിപ്പിച്ചു.
ഇത്രയും സീനിയറായ മുൻഓഫീസറെ എന്തുകൊണ്ട് സ്റ്റേജിൽ ഇരുത്തിയില്ല എന്നു സംഘാടകരോട് ആരാഞ്ഞ കമ്മീഷണർ അദ്ദേഹത്തെ ചേർത്തുപിടിച്ച് സാവധാനം സ്റ്റേജിലേക്ക് നടന്നു.
ടൗൺ ഇൻസ്പെക്ടർ എ.ഉമേഷ് അടക്കം ഓഫീസർമാർ സഹായത്തിനെത്തി. ശ്രീനിവാസൻ നായരെ സ്റ്റേജിന്റെ മുൻനിരയിൽ ഇരുത്തി വീട്ടുകാര്യങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് ആലിംഗനം ചെയ്ത് ആദരിച്ചശേഷമാണ് കമീഷണർ വേദിവിട്ടത്. തുടർന്ന് പ്രസംഗിച്ചവരെല്ലാം കമ്മീഷണറുടെ പ്രവർത്തിയെ ശ്ളാഘിച്ചു .
പുതു തലമുറ പോലീസിന്റെ ഈ ആദരവ് മരണംവരെ ഓർത്തുവയ്ക്കുമെന്ന് വാസുദേവൻനായർ മറുപടിയായി പറഞ്ഞു. മലാപ്പറന്പ് ഹൗസിംഗ് കോളനിയിൽ താമസിക്കുന്ന വാസുദേവൻ നായർക്ക് എല്ലാവിധ സൗകര്യങ്ങളും ചെയ്തുകൊടുക്കണമെന്ന് കമീഷണർ ചേവായൂർ പോലീസിന് പിന്നീട് നിർദേശം നൽകി.