തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ പെൻഷൻ പ്രായം 57 ആക്കി വർധിപ്പിക്കണമെന്ന് ശമ്പളപരിഷ്കരണ കമ്മീഷൻ ശിപാർശ. കഴിഞ്ഞ ദിവസമാണ് കമ്മീഷൻ ഇത് സംബന്ധിച്ച അന്തിമ റിപ്പോർട്ട് നൽകിയത്.
എയ്ഡഡ് നിയമനങ്ങളിൽ സർക്കാരിന്റെ ഇടപെടൽ വേണമെന്നും റിക്രൂട്ട്മെന്റ് ബോർഡ് വേണമെന്നും ശിപാർശയിൽ പറയുന്നു.
റിക്രൂട്ട്മെന്റ് ബോർഡിൽ മാനേജ്മെന്റുകൾക്കുള്ള പൂർണ അധികാരം മാറ്റണം. സർവകലാശാലകളുടേയും സർക്കാരിന്റെയും പ്രതിനിധിയും നിയമന ബോർഡിൽ ഉണ്ടായിരിക്കണമെന്നും ശിപാർശയിൽ പറയുന്നു.
നിയമനങ്ങളിലെ പരാതികൾ പരിഹരിക്കാൻ ഓംബുഡ്സ്മാനെ നിയമിക്കണമെന്നും നിർദേശമുണ്ട്. സുപ്രീം കോടതിയിലേയോ ഹൈക്കോടതിയിലേയോ വിമരമിച്ച ജഡ്ജിമാരെ വേണം ഓംബുഡ്സ്മാനായി പരിഗണിക്കാനെന്നും കമ്മീഷൻ ശിപാർശയിൽ ചൂണ്ടിക്കാട്ടുന്നു.
സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിവസം അഞ്ചായി കുറയ്ക്കാനും കമ്മീഷൻ ശിപാർശ ചെയ്യുന്നു. എന്നാൽ പ്രവൃത്തി സമയം രാവിലെ 9.30 മുതൽ 5.30 വരെയാക്കി ഉയർത്തണമെന്നും ആകെ അവധി ദിവസങ്ങൾ 12 ആയി കുറയ്ക്കണമെന്നും കമ്മീഷൻ നിർദേശിക്കുന്നു.
സർവീസിലിരിക്കെ മരിക്കുന്നവരുടെ കുടുംബങ്ങൾക്ക് പൂർണപെൻഷൻ നൽകണമെന്നതാണ് മറ്റൊരു നിർദേശം. കമ്മീഷൻ ശിപാർശ മുഖ്യമന്ത്രിക്ക് കൈമാറി.