കാസർഗോഡ്: മന്ത്രിയായ സമയത്ത് തനിക്കെതിരേ ആരോപണങ്ങൾ അന്വേഷിച്ച കമ്മീഷൻ റിപ്പോർട്ടിൽ ആത്മവിശ്വാസമുണ്ടെന്ന് മുൻ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ. കാസർഗോഡ് കളക്ടറേറ്റിൽ നിയമസഭാ സിറ്റിംഗിനെത്തിയ അദ്ദേഹം ഗസ്റ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഇന്നു രാവിലെ ഒന്പതരയ്ക്ക് സമർപ്പിച്ചിരിക്കുകയാണ്.
സമയപരിധിക്കുള്ളിൽ തന്നെ കമ്മീഷൻ അവരുടെ ജോലി ചെയ്തു തീർത്തു. കമ്മീഷന്റെ ചോദ്യങ്ങൾക്കെല്ലാം താൻ കൃത്യമായ ഉത്തരം നൽകുകയും വിളിച്ചപ്പോഴെല്ലാം ഹാജരാവുകയും ചെയ്തിരുന്നു. റിപ്പോർട്ടിൽ എന്താണ് അടങ്ങിയുട്ടുള്ളതെന്ന് അറിയാനുള്ള സാഹചര്യമില്ല. റിപ്പോർട്ട് സത്യസന്ധമായിരിക്കുമെന്ന വിശ്വാസമുണ്ട്. തന്റെ മന്ത്രി സ്ഥാനത്തേക്കുറിച്ച് ഇതുവരെ പാർട്ടി ചർച്ച ചെയ്തിട്ടില്ല.
പീതാംബരകുറുപ്പ് ഡൽഹിയിൽ പോയതു പാർട്ടിയുടെ ദേശീയ കാര്യങ്ങൾ ചർച്ച ചെയ്യാനാണ്. തനിക്കെതിരെ ആരോപണം ഉന്നയിച്ച ചാനൽ പ്രവർത്തകയുമായി ഒരു ചർച്ചയും നടത്തിയിരുന്നില്ല. മന്ത്രി സ്ഥാനത്തേക്കുറിച്ച് എൽഡിഎഫാണ് ചർച്ച നടത്തേണ്ടതെന്നു പറഞ്ഞ അദ്ദേഹം തോമസ് ചാണ്ടിയുടെ രാജിയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയും ചെയ്തു.