ബംഗളുരു: പൗരത്വ നിയമത്തിനെതിരേ പ്രതിഷേധവുമായി ഒത്തുകൂടിയവരെ പിരിച്ചുവിടാൻ പുതുവഴി തേടി പോലീസ് ഉദ്യോഗസ്ഥൻ. ബംഗളുരു ഡിസിപി ചേതൻ സിംഗ് റാത്തോഡിന്റെ അക്രമരഹിത നടപടിയാണു കൈയടി നേടുന്നത്. വൻ പ്രതിഷേധവുമായി വന്നവരെ ഡിസിപി ദേശീയ ഗാനം ചൊല്ലി ശാന്തരാക്കി മടക്കി അയയ്ക്കുകയായിരുന്നു.
വ്യാഴാഴ്ച ബംഗളുരു ടൗണ്‍ ഹാളിനു മുന്നിലായിരുന്നു പ്രതിഷേധം. കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധിച്ചവർക്ക് ഇടയിലേക്ക് ഇറങ്ങിച്ചെന്ന ചേതൻ, മൈക്കിലൂടെ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തു. അവരോടു ശാന്തരാകാൻ ആവശ്യപ്പെട്ടു. എന്നാൽ പ്രതിഷേധക്കാർ ശാന്തരായില്ല. ഇതോടെ പ്രതിഷേധങ്ങളെ ദേശവിരുദ്ധ ശക്തികൾ ഉപയോഗിക്കുന്നതു സംബന്ധിച്ച് അദ്ദേഹം പ്രതിഷേധക്കാരോടു സംസാരിച്ചു.
#WATCH Karnataka: DCP of Bengaluru(Central),Chetan Singh Rathore sings national anthem along with protesters present at the Town Hall in Bengaluru, when they were refusing to vacate the place. Protesters left peacefully after the national anthem was sung. #CitizenshipAmendmentAct pic.twitter.com/DLYsOw3UTP
— ANI (@ANI) December 19, 2019
തുടർന്ന് അദ്ദേഹം പ്രതിഷേധക്കാർക്കിടയിൽനിന്നു ദേശീയഗാനം ആലപിച്ചു. തന്നോടൊപ്പം ചേർന്നു ദേശീയഗാനം ആലപിക്കാൻ പ്രതിഷേധക്കാരോട് അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിഷേധക്കാർ ഒപ്പം പാടുകയും ചെയ്തു. ഇതിനുശേഷം പ്രതിഷേധക്കാർ ഒന്നടങ്കം പിരിഞ്ഞു പോയി.
മംഗളൂരുവിൽ രണ്ടു പ്രതിഷേധക്കാരെ പോലീസ് വെടിവച്ചുകൊന്ന അതേ സാഹചര്യമുണ്ടായപ്പോഴാണു, ബംഗളുരുവിൽ പോലീസ് ദേശീയഗാനം പാടി പ്രതിഷേധക്കാരെ നിയന്ത്രിച്ചത്. ഡിസിപി പ്രതിഷേധക്കാരോടു സംസാരിക്കുന്നതിന്റെയും ദേശീയ ഗാനം ആലപിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.