വിക്ടോറിയ: 2026ലെ കോമണ്‍വെൽത്ത് ഗെയിംസ് പ്രതിസന്ധിയിൽ. ഗെയിംസിന് വേദിയൊരുക്കാമെന്നേറ്റ ഓസ്ട്രേലിയൻ സംസ്ഥാനമായ വിക്ടോറിയ പിന്മാറിയതാണു ഗെയിംസിനു തിരിച്ചടിയായത്. സാന്പത്തിക പ്രതിസന്ധിയെത്തുടർന്നാണു വിക്ടോറിയയുടെ പിന്മാറ്റം.
നിലവിലെ സ്ഥിതിയിൽ, ഗെയിംസിന്റെ ബജറ്റ് പ്രതീക്ഷിച്ചതിനേക്കാൾ മൂന്നിരട്ടിയാകുമെന്നും ഇതു താങ്ങാൻ സംസ്ഥാനത്തിനു കെൽപ്പില്ലെന്നും വിക്ടോറിയ പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് വിശദീകരിച്ചു.
260 കോടി ഡോളറാണു കോമണ്‍വെൽത്ത് ഗെയിംസ് ഫെഡറേഷൻ പ്രതീക്ഷിച്ച ചെലവ്. എന്നാൽ, ഗെയിംസ് നടത്തണമെങ്കിൽ 600 കോടി ഡോളറെങ്കിലും വേണ്ടിവരുമെന്ന് ആൻഡ്രൂസ് ചൂണ്ടിക്കാട്ടി.
2026 ഗെയിംസിനു വേദി കണ്ടെത്താൻ കോമണ്‍വെൽത്ത് ഗെയിംസ് ഫെഡറേഷൻ ബുദ്ധിമുട്ടിയതിനെത്തുടർന്ന്, കഴിഞ്ഞ വർഷമാണ് വിക്ടോറിയ ഗെയിംസ് നടത്താമെന്നേറ്റത്. വിക്ടോറിയയുടെ പിന്മാറ്റം നിരാശപ്പെടുത്തുന്നതായി ഫെഡറേഷൻ പ്രതികരിച്ചു. മറ്റൊരു രാജ്യവും ഗെയിംസിന്റെ നടത്തിപ്പിനായി മുന്നോട്ടു വന്നിട്ടില്ല.
നാലു വർഷത്തിലൊരിക്കലാണു ഗെയിംസ് സംഘടിപ്പിക്കുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്തു മാത്രമാണ് ഇതിനു മുന്‍പ് ഗെയിംസ് റദ്ദാക്കേണ്ടിവന്നത്. 56 അംഗരാജ്യങ്ങളാണു കോമണ്‍വെൽത്തിലുള്ളത്. ഏതെങ്കിലും കാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നവരാണ് അംഗങ്ങൾ.