ന്യൂഡൽഹി: 2022 ബർമിങ്ങം കോമണ്‍വെൽത്ത് ഗെയിംസ് ഇന്ത്യയെ സംബന്ധിച്ച് നിർണായകമാകാൻ സാധ്യത. ബർമിങ്ങം ഗെയിംസിൽ ഇന്ത്യ പങ്കെടുക്കുമോ എന്ന് കണ്ടറിയണം. ഇന്ത്യയുടെ മെഡൽ പട്ടികയിലെ പ്രധാന ഇനമായ ഷൂട്ടിംഗ് ബർമിങ്ങമിൽ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നതാണ് കാരണം.
ഷൂട്ടിംഗ് ഉൾപ്പെടുത്തിയില്ലെങ്കിൽ 2022 ഗെയിംസ് ബഹിഷ്കരിക്കണമെന്നാണ് ദേശീയ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ (എൻആർഎഐ) ആവശ്യപ്പെടുന്നത്. ഷൂട്ടിംഗ് ഇല്ലെങ്കിൽ ഇന്ത്യയുടെ മെഡൽ എണ്ണം വളരെകുറയുന്ന അവസ്ഥയും സംജാതമാകും. ഗോൾഡ് കോസ്റ്റിൽ ഇന്ത്യൻ ഷൂട്ടർമാർ ഏഴ് സ്വർണവും നാല് വെള്ളിയും അഞ്ച് വെങ്കലവും അടക്കം 16 മെഡലുകളാണ് വെടിവച്ചിട്ടത്. ഇന്ത്യ ആകെ നേടിയത് 66 മെഡലുകളായിരുന്നു.
2022 കോമണ്‍വെൽത്ത് ഗെയിംസിൽ ഷൂട്ടിംഗ് ഉണ്ടാകില്ലെന്നും ഗെയിംസ് ഫെഡറേഷൻ ഈ തീരുമാനം പിന്തുണയ്ക്കുന്നതായും ഈ വർഷമാദ്യം സിഇഒ ഡേവിഡ് ഗ്രെവംബർഗ് പറഞ്ഞിരുന്നു. കോമണ്‍വെൽത്ത് ഗെയിംസിൽ ഷൂട്ടിംഗ് ഓപ്ഷണൽ ഇവന്റാണ്. ആതിഥേയ രാജ്യത്തിനു വേണമെങ്കിൽ ഉൾപ്പെടുത്താവുന്ന മത്സര ഇനം എന്നു ചുരുക്കം. ഇതു മുതലാക്കാനാണ് ബർമിങ്ങം കോമണ്‍വെൽത്ത് ഗെയിംസ് അധികൃതർ ശ്രമിക്കുന്നത്.
വെടിക്കോപ്പുകൾ, അനുബന്ധ ഉപകരണങ്ങൾ, സൗകര്യമൊരുക്കൽ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് 2022ൽ ഷൂട്ടിംഗ് ഒഴിവാക്കാനുള്ള നീക്കം നടക്കുന്നത്. എന്നാൽ, ഷൂട്ടിംഗ് ഒഴിവാക്കാനുള്ള തീരുമാനം എടുത്തിട്ടില്ലെന്നും ആവശ്യമെങ്കിൽ ഉൾപ്പെടുത്തുമെന്നും കോമണ്‍വെൽത്ത് ഗെയിംസ് ഫെഡറേൻ അറിയിച്ചു.
2022ൽ ഷൂട്ടിംഗ് ഒഴിവാക്കിയാൽ ഇന്ത്യ ഗെയിംസ് ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി എൻആർഎഐ അധ്യക്ഷൻ രണിന്ദർ സിംഗ് രംഗത്തെത്തിയിട്ടുണ്ട്. ഗോൾഡ് കോസ്റ്റിൽ സ്വർണവും വെള്ളിയും നേടിയ ഹീന സിദ്ധുവും 2022ൽ ഷൂട്ടിംഗ് വേണമെന്ന് പ്രതികരിച്ചു. ഷൂട്ടിംഗ് വേണ്ടന്നുവച്ചാൽ അത് യുവതാരങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ഗോൾഡ് കോസ്റ്റ് സ്വർണ ജേതാവായ ജിത്തു റായ് പറഞ്ഞു.
1966 കിങ്സ്റ്റണ്‍ കോമണ്‍വെൽത്ത് ഗെയിംസിലാണ് ഷൂട്ടിംഗ് ആദ്യമായി ഉൾപ്പെടുത്തിയത്. 1970ലെ എഡിൻബറ ഒഴികേ ബാക്കി എല്ലാ ഗെയിംസുകളിലും ഷൂട്ടിംഗ് മത്സരങ്ങൾ അരങ്ങേറി. ഗോൾഡ് കോസ്റ്റ് അടക്കം 13 കോമണ്‍വെൽത്ത് ഗെയിംസുകളിലെ ഷൂട്ടിംഗ് ഇവന്റുകളിൽനിന്ന് ഇന്ത്യ ഇതുവരെ ആകെ 118 മെഡലുകൾ നേടി. ഷൂട്ടിംഗ് മെഡൽ വേട്ടയിൽ ഓസ്ട്രേലിയയ്ക്കുപിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഓസ്ട്രേലിയ 67 സ്വർണം, 54 വെള്ളി, 42 വെങ്കലം ഉൾപ്പെടെ 163 മെഡൽ നേടി. ഇന്ത്യ 56 സ്വർണം, 40 വെള്ളി, 22 വെങ്കലവും.