ഗോൾഡ് കോസ്റ്റ്: 21-ാം കോമണ്‍വെൽത്ത് ഗെയിംസ് കായിക ഇന്ത്യക്ക് നല്‍കിയത് അഭിമാനത്തിന്റെയും സുവർണ പ്രതീക്ഷകളുടെയും നാളുകൾ. ഭാവിയിലേക്ക് ഉറ്റുനോക്കാൻ ഒരുപിടി യുവതാരങ്ങളുടെ പ്രകടനം ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ ഇന്ത്യക്കു ലഭിച്ചു.
ദേശീയ കായിക വിനോദമായ ഹോക്കിയിൽ പച്ചപിടിച്ചില്ലെങ്കിലും ഷൂട്ടിംഗ്, ഗുസ്തി, ഭാരോദ്വഹനം, ബോക്സിംഗ്, ബാഡ്മിന്റണ്‍, ടേബിൾ ടെന്നീസ് എന്നിവയിൽ ഇന്ത്യൻ താരങ്ങൾ ശോഭിച്ചു. ഗെയിംസിന്റെ അവസാന ദിനം ഒരു സ്വർണവും നാല് വെള്ളിയും രണ്ട് വെങ്കലവുമാണ് ലഭിച്ചത്. അവസാന ദിവസത്തെ ഇന്ത്യയുടെ ഗ്ലാമർ പോരാട്ടമായിരുന്ന വനിതാ സിംഗിൾസിൽ പി.വി. സിന്ധുവിനെ കീഴടക്കി സൈന നെഹ്വാൾ സ്വർണം നേടി. പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ ലോക ഒന്നാംനന്പർ താരമായ കിഡംബി ശ്രീകാന്തിനെ മലേഷ്യയുടെ ലിചോങ് വി കീഴടക്കി.
26 സ്വർണവും 20 വീതം വെള്ളിയും വെങ്കലവും നേടിയ ഇന്ത്യ 66 മെഡലുകളുമായി പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 2010 ഡൽഹി കോമണ്‍വെൽത്ത് ഗെയിംസിൽ രണ്ടാം സ്ഥാനത്ത് എത്തിയതാണ് ഇന്ത്യയുടെ ഏറ്റവും മികച്ച റാങ്ക്. മൂന്നാം സ്ഥാനം ലഭിക്കുന്നത് ഇതാദ്യം.
1934 മുതൽ 17 കോമണ്‍വെൽത്ത് ഗെയിംസുകളിൽ ഇന്ത്യ പങ്കെടുത്തു. കോമണ്‍വെൽത്തിൽ ഇന്ത്യയുടെ ആകെ മെഡൽ സന്പാദ്യം 500 കടക്കുന്നതിനും ഗോൾഡ് കോസ്റ്റ് സാക്ഷ്യംവഹിച്ചു. 181 സ്വർണവും 175 വെള്ളിയും 148 വെങ്കലവും അടക്കം 504 മെഡലുകളാണ് 17 കോമണ്‍വെൽത്ത് ഗെയിംസുകളിൽനിന്നായി ഇന്ത്യ ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്. അതിൽ 2010ൽ നേടിയ 38 സ്വർണവും 27 വെള്ളിയും 36 വെങ്കലവും അടക്കം 101 മെഡലുകളാണ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം.
മനു ഭാകർ, അനീഷ്, മണിക, നീരജ്, വിനേഷ്…
ഭാവിയിൽ ഇന്ത്യയുടെ യശസ് ഉയർത്താനുള്ള ഒരു പിടി പ്രകടനങ്ങൾ ഗോൾഡ് കോസ്റ്റിൽ കണ്ടു. പതിനാറുകാരിയായ മനു ഭാകറും പതിനഞ്ചുകാരനായ അനീഷും ഷൂട്ടിംഗിൽ ഇന്ത്യയുടെ മുതൽക്കൂട്ടുകളാണ്. കോമണ്‍വെൽത്തിൽ സ്വർണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് പത്താം ക്ലാസുകാരനായ അനീഷ് 25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റളിലൂടെ വെടിവച്ചിട്ടത്. ജിത്തു റായ്ക്കും ഹീന സിദ്ധുവിനും തേജസ്വിനി സാവന്തിനും സഞ്ജീവ് രജ്പുട്ടിനുമെല്ലാം പിന്മുറക്കാരാവുകയാണ് മനുവും അനീഷും ശ്രേയസി സിംഗുമെല്ലാം.
ടേബിൾ ടെന്നീസിൽ ഇന്ത്യയുടെ സുവർണ പ്രതീക്ഷയാണ് മണിക ബത്ര എന്ന ഇരുപത്തിരണ്ടുകാരി. വനിതാ സിംഗിൾസിൽ സ്വർണം നേടിയ മണിക ടീം ഇനത്തിൽ ഇന്ത്യയെ സുവർണനേട്ടത്തിൽ എത്തിക്കുന്നതിലും നിർണായക പങ്കുവഹിച്ചു.
അത്ലറ്റിക്സിൽ ഇന്ത്യയുടെ പ്രതീക്ഷയാണ് ജാവലിൻത്രോയിൽ സ്വർണം നേടിയ നീരജ് ചോപ്ര എന്ന ഇരുപതുകാരൻ. ലോകത്തിൽ 90 മീറ്ററിലധികം ദൂരം ജാവലിൻ പായിക്കുന്ന ചുരുക്കം ചിലർമാത്രമേയുള്ളൂ എന്നത് ഈ ഇരുപതുകാരനിലുള്ള ഇന്ത്യയുടെ വിശ്വാസം വർധിപ്പിക്കുന്നു. സീസണിലെ മികച്ച ദൂരം (86.47 മീറ്റർ) കണ്ടെത്തിയാണ് നീരജ് ഗോൾഡ് കോസ്റ്റിൽ സ്വർണം നേടിയത്.
2013 മുതൽ വിനേഷ് ഫോഗട്ട് എന്ന ഗുസ്തി താരം ഇന്ത്യയുടെ പ്രതീക്ഷയുടെ ഭാഗമാണ്. ഇത്തവണ വനിതാ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ സ്വർണം നേടിയ ഈ ഇരുപത്തിമൂന്നുകാരിക്ക് വരുംനാളുകളിലും ഇന്ത്യക്ക് മെഡൽ സമ്മാനിക്കാൻ സാധിക്കും.
നേട്ടത്തിന്റെ വെടിമുഴക്കം; ഗോദയിലെ തിളക്കം
ഗോൾഡ് കോസ്റ്റിൽ ഇന്ത്യ നേടിയ സ്വർണത്തിൽ ഏഴ് എണ്ണം ഷൂട്ടിംഗിൽനിന്നായിരുന്നു. നാല് വെള്ളിയും അഞ്ച് വെങ്കലവും ഷൂട്ടിംഗ് റേഞ്ചിൽനിന്ന് ലഭിച്ചു. 15 പുരുഷന്മാരും 12 വനിതകളുമാണ് ഇന്ത്യയുടെ ഷൂട്ടിംഗ് സംഘത്തിലുണ്ടായിരുന്നത്.
അഞ്ച് സ്വർണവും മൂന്ന് വെള്ളിയും നാല് വെങ്കലവും ഗുസ്തിയിൽനിന്ന് ഇന്ത്യൻ താരങ്ങൾ നേടി. ഗുസ്തിപിടിക്കാനായി ആറ് പുരുഷന്മാരും ആറ് വനിതകളുമാണ് ഗോൾഡ് കോസ്റ്റിലേക്ക് വിമാനം കയറിയത്. പന്ത്രണ്ടുപേരും മെഡലുമായാണ് തിരിച്ച് പോരുന്നതെന്നതാണ് ശ്രദ്ധേയമായ കാര്യം. ഭാരോദ്വഹനമാണ് മെഡൽവാരിയ മറ്റൊരു ഇനം. അഞ്ച് സ്വർണവും രണ്ട് വീതം വെള്ളിയും വെങ്കലവും ഭാരമുയർത്തി ഇന്ത്യക്കാർ നേടി.
ബാഡ്മിന്റണിലും ഇന്ത്യ നേട്ടം കൈവരിച്ചു. രണ്ട് സ്വർണവും മൂന്ന് വെള്ളിയും ഒരു വെങ്കലവും ബാഡ്മിന്റണ്‍ കോർട്ടിൽനിന്ന് ഇന്ത്യക്ക് ലഭിച്ചു. ബോക്സിംഗിൽ മൂന്ന് വീതം സ്വർണവും വെള്ളിയും വെങ്കലവും ഇന്ത്യൻ താരങ്ങൾ നേടി. 2020 ഒളിന്പിക്സ്. അതാണ് ഇന്ത്യയുടെ ഇനിയുള്ള ഏറ്റവും വലിയ പ്രതീക്ഷ. ഈ വർഷം ഓഗസ്റ്റിൽ ജക്കാർത്തയിൽ ഏഷ്യൻ ഗെയിംസും ഉണ്ട്.
സമാപനസമ്മേളനത്തിൽ വിവാദം
ഗോൾഡ് കോസ്റ്റ്: 21-ാം കോമണ്‍വെൽത്ത് ഗെയിംസിന്റെ സമാപന സമ്മേളനത്തിൽ വൻപിഴവുകൾ. പരിപാടി പ്രതീക്ഷയ്ക്കൊത്ത് നടക്കാതിരുന്നതിന് കോമണ്‍വെൽത്ത് ഗെയിംസ് ചെയർമാൻ പീറ്റർ ബിയാറ്റിസ് മാപ്പ് പറഞ്ഞു. കായിക താരങ്ങളെ ക്ലോസിംഗ് സെറിമണിയിൽ പങ്കെടുപ്പിക്കാതിരുന്നതാണ് വിമർശനമുയരാൻ കാരണം.
ഗെയിംസിൽ പങ്കെടുത്ത രാജ്യങ്ങളുടെ പതാകവാഹകരടക്കമുള്ള കായികതാരങ്ങൾ സമാപന പരിപാടികൾ ആരംഭിക്കുന്നതിനു മുന്‍പ് അപ്രതീക്ഷിതമായി മാർച്ച്പാസ്റ്റ് നടത്തി. ഇതോടെ ലോകമെന്പാടുമുള്ള ടെലിവിഷൻ പ്രേക്ഷകർക്ക് കായിക താരങ്ങളെ കാണാൻ സാധിച്ചില്ല. കായിക താരങ്ങൾക്കും പരിപാടി കാണാനുള്ള സൗകര്യത്തിനായാണ് നേരത്തേ മാർച്ച്പാസ്റ്റ് നടത്തിയതെന്നായിരുന്നു ഗെയിംസ് നടത്തിപ്പുകാരുടെ അവകാശവാദം.