ഗോൾഡ് കോസ്റ്റ്: 21-ാം കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ മെഡൽ. ഗോൾഡ് കോസ്റ്റിൽ നടക്കുന്ന ഗെയിംസിൽ ഭാരോദ്വഹനത്തിൽ പി.ഗുരുരാജയാണ് കായിക ഇന്ത്യയുടെ അഭിമാനമായത്. പുരുഷന്മാരുടെ 56 കിലോ കിലോഗ്രാം ഭാരോദ്വഹനത്തിൽ പി.ഗുരുരാജ വെള്ളി മെഡൽ സ്വന്തമാക്കി.
സ്നാച്ചിൽ 111 കിലോഗ്രാം ഉയർത്തിയ ഗുരുരാജ ശ്രീലങ്കൻ താരത്തിന് പിന്നിൽ മൂന്നാം സ്ഥാനത്തായിരുന്നു. എന്നാൽ ക്ലീൻ ആൻഡ് ജെർക്കിൽ 138 കിലാഗ്രാം ഉയർത്തിയ താരം മെഡൽ സ്വന്തമാക്കുകയായിരുന്നു. ആകെ 249 കിലോഗ്രാം ഗുരുരാജ ഉയർത്തി.
മലേഷ്യൻ താരം മുഹമ്മദ് ഇസാർ അഹമ്മദാണ് സ്വർണം നേടിയത്. സ്നാച്ചിൽ 117 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 144 കിലോയും ഉയർത്തിയ താരം ഗെയിംസ് റിക്കാർഡും സ്ഥാപിച്ചു. 248 കിലോഗ്രാം ഉയർത്തി ശ്രീലങ്കയുടെ ചതുരംഗ ലക്മൽ വെങ്കലം നേടി.