ഗോൾഡ് കോസ്റ്റ്: 2014ൽ ഗ്ലാസ്കോയിൽ ഉപചാരം ചൊല്ലിപ്പിരിഞ്ഞ കോമണ്‍വെൽത്ത് ഗെയിംസ് ഇന്നു വീണ്ടും മിഴിതുറക്കും. ഓസ്ട്രേലിയയിലെ സുവർണതീരമായ ഗോൾഡ് കോസ്റ്റിൽ 21-ാമത് കോമണ്‍വെൽത്ത് ഗെയിംസിന്റെ ഉദ്ഘാടനമാമാങ്കം ഇന്ന്. കറാറ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.30നാണ് ചടങ്ങ് ആരംഭിക്കുന്നത്. സോണി സിക്സ്, സോണി ടെൻ 2 ചാനലുകളിൽ ഉദ്ഘാടന ചടങ്ങുകൾ തത്സമയം കാണാം.
ഉദ്ഘാടനപരിപാടികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് ഇംഗ്ലീഷുകാരനായ ഡേവിഡ് സോൽക് വറാണ്. 2004, 2008 ഒളിന്പിക്സുകൾ, 2014 കോമണ്‍വെൽത്ത് ഗെയിംസ്, 2010 ഫിഫ ലോകകപ്പ് ഫുട്ബോൾ, വില്യം രാജകുമാരന്റെയും കെയ്റ്റ് മിഡിൽട്ടന്റെയും രാജകീയ വിവാഹം തുടങ്ങിയ വന്പൻ പരിപാടികളിലെ ആർട്ടിസ്റ്റിക് ഡയറക്ടറായിരുന്നു സോൽക് വർ.
71 രാജ്യങ്ങളിൽനിന്നായി 4,3000 കായിക താരങ്ങളാണ് കോമണ്‍വെൽത്ത് ഗെയിംസിൽ പങ്കെടുക്കുക. ഇന്ത്യക്ക് 218 അംഗ സംഘമാണുള്ളത്. ആതിഥേയരായ ഓസ്ട്രേലിയ 474ഉം ഇംഗ്ലണ്ട് 396ഉം കാനഡ 282ഉം ന്യൂസിലൻഡ് 253ഉം സ്കോട്ട്ലൻഡ് 224ഉം കായികതാരങ്ങളുമായാണ് എത്തുന്നത്. 23 മത്സര ഇനങ്ങളിലായി 275 സ്വർണമെഡൽ പോരാട്ടങ്ങൾ നടക്കും. 58 സ്വർണ പോരാട്ടങ്ങളുള്ള അത്ലറ്റിക്സിലാണ് ഏറ്റവും അധികം മത്സരങ്ങളുള്ളത്. നീന്തലിൽ 50 സുവർണ പോരാട്ടങ്ങൾ നടക്കും.
മത്സരങ്ങൾ നാളെ മുതൽ
ഇന്ന് ഉദ്ഘാടന ചടങ്ങുകൾ മാത്രമാണുള്ളത്. നാളെ മുതലാണ് മത്സരങ്ങൾ അരങ്ങേറുക. നാളെ 19 ഫൈനലുകൾ നടക്കും. ഭാരോദ്വഹനം, ട്രയാത്തലണ്‍, നീന്തൽ, ജിംനാസ്റ്റിക്, ട്രാക്ക് സൈക്ലിംഗ് തുടങ്ങിയ വിഭാഗങ്ങളിലായാണ് 19 സ്വർണ മെഡൽ പോരാട്ടങ്ങൾ.
ബാഡ്മിന്റണ്‍, ബാസ്കറ്റ്ബോൾ, ബോക്സിംഗ്, ഹോക്കി, ലോണ്‍ ബോൾ, നെറ്റ് ബോൾ, സ്ക്വാഷ്, ടേബിൾ ടെന്നീസ് പോരാട്ടങ്ങളും നാളെ ആരംഭിക്കും.
ബാഡ്മിന്റണിൽ ഇന്ത്യൻ പ്രതീക്ഷകളായ പി.വി. സിന്ധു, സൈന നെഹ്വാൾ, കിഡംബി ശ്രീകാന്ത് തുടങ്ങിയവരുടെ മത്സരങ്ങൾ 12-ാം തീയതിയാണ് ആരംഭിക്കുന്നത്.
ബോക്സിംഗിൽ ഇന്ത്യയുടെ മെഡൽപ്രതീക്ഷയായ വികാസ് കൃഷ്ണൻ നാളെ ഇറങ്ങും. പുരുഷന്മാരുടെ 69 കിലോഗ്രാം വിഭാഗത്തിലാണ് വികാസിന്റെ മത്സരം. നാളെ രാവിലെ 9.17നാണ് ഇന്ത്യൻ താരം റിംഗിൽ ഇറങ്ങുക.
അത്ലറ്റിക്സ് ഞായറാഴ്ച
ഞായറാഴ്ചയാണ് ഗെയിംസിലെ ഗ്ലാമർ ഇവന്റുകളുള്ള ട്രാക്ക് ആൻഡ് ഫീൽഡ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത്. അന്ന് നാല് ഫൈനലുകൾ നടക്കും. പുരുഷവിഭാഗം ജാവലിൻ ത്രോയിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ നീരജ് ചോപ്ര 10-ാം തീയതിയാണ് ഫീൽഡിൽ ഇറങ്ങുക. ഉച്ചകഴിഞ്ഞ് 2.30നാണ് മത്സരം.
ഇന്ത്യ മെഡലുകൾ സ്വപ്നം കാണുന്ന ഷൂട്ടിംഗ് പോരാട്ടങ്ങളും ഞായറാഴ്ചയാണ് ആരംഭിക്കുന്നത്. മനു ഭാകർ, സീമ തോമർ, അപൂർവി ചാന്ദേല, തേജസ്വിനി സാവന്ത്, ഹീന സന്ധു തുടങ്ങിയവരാണ് വനിതാ വിഭാഗത്തിലെ ഇന്ത്യൻ പ്രതീക്ഷകൾ. പുരുഷവിഭാഗത്തിൽ ജിതു റായ്, നീരജ് കുമാർ, മാനവ്ജിത് സിംഗ് സന്ധു, ഓംപ്രകാശ് മിതാർവൾ തുടങ്ങിയവരിലൂടെയാണ് ഇന്ത്യ മെഡൽ സ്വപ്നം കാണുന്നത്.
ഇന്ത്യൻ താരങ്ങൾക്ക് വ്യാപക ഉത്തേജക പരിശോധന
ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കാൻ എത്തിയ ഇന്ത്യൻ കായികതാരങ്ങളെ വ്യാപകമായി ഉത്തേജകമരുന്നു പരിശോധനയ്ക്കു വിധേയമാക്കി. ഇന്ത്യൻ താരങ്ങളുടെ വിശ്വാസ്യതയ്ക്ക് ക്ഷതമേൽപ്പിക്കുന്നതായിരുന്നു നടപടി. ശനിയാഴ്ച ചില ഇന്ത്യൻ താരങ്ങളുടെ റൂമിൽനിന്ന് സിറിഞ്ച് കണ്ടെത്തിയതിനെത്തുടർന്നാണ് വ്യാപക ഉത്തേജക പരിശോധന നടത്തിയത്.
ഓസ്ട്രേലിയൻ ആന്റി ഡോപിംഗ് ഏജൻസി (എഎസ്എഡിഎ) ആണ് പരിശോധന നടത്തിയത്. ആദ്യം ബോക്സിംഗ് താരങ്ങളെയാണ് കൂട്ടപരിശോധനയ്ക്ക് വിധേയമാക്കിയത്. തുടർന്ന് ജിംനാസ്റ്റിക്, നീന്തൽ താരങ്ങളെയും പരിശോധിച്ചതായാണ് റിപ്പോർട്ട്.
ഉത്തേജക പരിശോധനയ്ക്ക് ബോക്സിംഗ് താരങ്ങളെയാണ് ആദ്യം വിധേയമാക്കിയത്. പുരുഷ-വനിതാ ടീം അംഗങ്ങളുടെ സാന്പിളുകൾ ഉത്തേജക വിരുദ്ധ സംഘം എടുത്തു. 12 അംഗ ടീമാണ് ബോക്സിംഗിൽ ഇന്ത്യക്കുള്ളത്. ഇവർ ഉത്തേജകം ഉപയോഗിച്ചിട്ടില്ലെന്നു കണ്ടെത്തിയതായാണ് റിപ്പോർട്ട്.
നേരത്തേ ഇന്ത്യൻ താരങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിന്റെ പരിസരങ്ങളിൽനിന്ന് സിറിഞ്ച് ലഭിച്ചിരുന്നു. എന്നാൽ, സിറിഞ്ച് ആര് ഉപയോഗിച്ചെന്നോ എങ്ങനെ അവിടെ എത്തിയെന്നോ ഉള്ള ചോദ്യത്തിന് ഉത്തരം ലഭിച്ചിട്ടില്ലെന്നായിരുന്നു അന്ന് കോമണ്‍വെൽത്ത് ഗെയിംസ് ഫെഡറേഷൻ ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് ഗ്രീവെംബർഗ് പറഞ്ഞത്.