ഗോൾഡ് കോസ്റ്റ്: കോമണ്‍വെൽത്ത് ഗെയിംസ് അത്ലറ്റിക്സിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷകളിലൊന്നായ പുരുഷവിഭാഗം ജാവലിൻത്രോയിൽ നീരജ് ചോപ്ര ഫൈനലിൽ പ്രവേശിച്ചു. പുരുഷന്മാരുടെ 1,500 മീറ്ററിൽ മലയാളി താരം ജിൻസണ് ജോണ്‍സനും ഫൈനലിനു യോഗ്യത സ്വന്തമാക്കി.
ജാവലിൻ ത്രോ യോഗ്യതാ റൗണ്ടിൽ 80.42 മീറ്റർ ദൂരം കണ്ടെത്തിയാണ് നീരജ് ചോപ്ര ഇന്നു നടക്കുന്ന ഫൈനലിനു ടിക്കറ്റ് കരസ്ഥമാക്കിയത്. വിപിൻ കഷാനയും ഫൈനലിനു യോഗ്യത സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ സമയം രാവിലെ 10.05നാണ് ജാവലിൻ ത്രോ ഫൈനൽ.
1,500 മീറ്റർ ഹീറ്റ്സ് രണ്ടിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് ജിൻസണ് ജോണ്സൻ ഫൈനലിലേക്ക് മുന്നേറിയത്. 3:47.04 സെക്കൻഡിലാണ് മലയാളി താരം മത്സരം പൂർത്തിയാക്കിയത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 11.40നാണ് 1,500 മീറ്റർ ഫൈനൽ. പുരുഷ വിഭാഗം 4×400 മീറ്റർ റിലേയിലും ഇന്ത്യ ഫൈനലിൽ കടന്നു.
അമോജ് ജേക്കബ്, മുഹമ്മദ് അനസ്, ജീവൻ സുരേഷ്, ആരോഗ്യ രാജീവ് എന്നിവരുടെ ടീമാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. 3:4.05 സെക്കൻഡിലാണ് ഇന്ത്യ മത്സരം പൂർത്തിയാക്കിയത്. ഇന്നുച്ചയ്ക്ക് 12.37നാണ് ഫൈനൽ.
പുരുഷന്മാരുടെ ട്രിപ്പിൾജംപ് ഫൈനൽ രാവിലെ 10.45ന് നടക്കും. ഇന്ത്യയുടെ അർപീന്ദർ സിംഗ് ഫൈനലിൽ മത്സരിക്കുന്നുണ്ട്. എ.വ. രാകേഷ് ബാബു ഫൈനലിനു യോഗ്യത നേടിയെങ്കിലും കോമണ്‍വെൽത്ത് ഗെയിംസ് അച്ചടക്ക ലംഘനത്തെത്തുടർന്ന് ടീമിൽനിന്നു പുറത്താക്കപ്പെട്ടു.