ന്യൂഡൽഹി: ഈ വർഷം നടക്കുന്ന കോമണ്‍വെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിനൊപ്പം ജിംനാസ്റ്റിക് താരം ദീപ കർമാക്കർ ഉണ്ടാകില്ല. കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്നാണ് ദീപ പിൻമാറിയത്. കഴിഞ്ഞ വർഷം അവസാനമാണ് പരിക്കേറ്റത്. പരിക്ക് പൂർണമായി ഭേദമായിട്ടില്ലെന്നും കോമണ്‍വെൽത്ത് പോലുള്ള പോരാട്ടത്തിന് തയാറായിട്ടില്ലെന്നും ദീപയുടെ കോച്ച് ബിശ്വേശ്വർ നൻഡി പറഞ്ഞു.
ഓഗസ്റ്റ് – സെപ്റ്റംബർ മാസത്തിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് ആകുന്പോഴേക്കും പൂർണമായി ദീപ ശാരീരിക ക്ഷമത കൈവരിക്കുമെന്നും ബിശ്വേശ്വർ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
ഏപ്രിൽ നാലു മുതൽ 15വരെയാണ് കോമണ്‍വെൽത്ത് ഗെയിംസ് നടക്കുക. 2016 റിയോ ഒളിന്പിക്സിൽ നാലാം സ്ഥാനത്ത് എത്തി ദീപ കർമാക്കർ ചരിത്രം കുറിച്ചിരുന്നു. 2014 ഗ്ലാസ്ഗോ കോമണ്‍വെൽത്ത് ഗെയിംസിൽ മെഡൽ നേടി ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വനിത എന്ന ചരിത്രം കുറിച്ചിരുന്നു.