രാജ്യത്ത് കോവിഡ് 19 ബാധ സമൂഹ വ്യാപനത്തില്‍ ! മുംബൈയില്‍ വിദേശത്ത് പോകാത്തവര്‍ക്കും രോഗികളുമായി ബന്ധപ്പെടാത്തവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു; ധാരാവി പൂര്‍ണമായും അടച്ചിടാനൊരുങ്ങി സര്‍ക്കാര്‍…

രാജ്യത്ത് കോവിഡ് ബാധ സമൂഹവ്യാപനത്തിലെത്തിയെന്ന് സ്ഥിരീകരണം. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള മുംബൈയിലാണ് സമൂഹ വ്യാപനം ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

വിദേശത്തു പോകാത്തവരിലും രോഗികളുമായി നേരിട്ട് ബന്ധപ്പെടാത്തവര്‍ക്കും രോഗം കണ്ടെത്തിയതോടെയാണ് സമൂഹ വ്യാപനം സ്ഥിരീകരിക്കപ്പെട്ടത്.

ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അതേസമയം, മഹാരാഷ്ട്രയിലെ ആകെ രോഗികളുടെ എണ്ണം ഇതിനോടകം ആയിരം കടന്നിട്ടുണ്ട്.

ബുധനാഴ്ച രാവിലെയുള്ള കണക്ക് പ്രകാരം 1018 കൊവിഡ് രോഗികളാണ് മഹാരാഷ്ട്രയില്‍ മാത്രമുണ്ട്.

ഇതില്‍ 642 രോഗികളും മുംബൈ നഗരത്തില്‍ നിന്നാണ്. പൂണെയില്‍ 159 രോഗികളും താനെയില്‍ 87 രോഗികളുമുണ്ട്.

എന്നാല്‍ രോഗം കണ്ടെത്തിയ മറ്റ് സംസ്ഥാനങ്ങളിലൊന്നും സമൂഹവ്യാപനം സ്ഥിരീകരിക്കാത്തത് രാജ്യത്തിന് അല്‍പ്പം ആശ്വാസം പകരുന്നുമുണ്ട്.

മുംബൈയിലെ ഏറ്റവും ജനസാന്ദ്രത ഏറിയ ഇടങ്ങളായ ചേരികളിലും മറ്റുമാണ് ഇപ്പോള്‍ തുടര്‍ച്ചയായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മുംബൈ കോര്‍പ്പറേഷനിലെ ഒരു വാര്‍ഡില്‍ തന്നെ 75 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യമുണ്ട്.

ഈ സാഹചര്യത്തില്‍ ധാരാവി ചേരി അടച്ചിടുന്നത് പരിഗണിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ 13 പേര്‍ക്കാണ് ധാരാവിയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പത്തു ലക്ഷത്തിലധികം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരിയാണ് ധാരാവി.

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പോലും ആളുകള്‍ ഇവിടെ പാലിക്കുന്നില്ലെന്നാണ് വിവരം. രണ്ടു പേര്‍ മരിച്ച ധാരാവിയിലെ ബാലികാ നഗര്‍ എന്ന ചേരി പ്രദേശം പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്.

Related posts

Leave a Comment