കോതമംഗലം: നെല്ലിക്കുഴിയിലെ കമ്യൂണിറ്റി കിച്ചന് നടത്തിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറ്റുമുട്ടലായതോടെ പോലീസ് കേസുമായി. നെല്ലിക്കുഴിയിലെ കമ്യൂണിറ്റി കിച്ചന് നടത്തിപ്പ് സിപിഎം കൈയടക്കിയെന്ന ആരോപണവുമായി യുഡിഎഫ് ആണ് ആദ്യം രംഗത്തുവന്നത്.
ഇതുമായി ബന്ധപ്പെട്ട സമൂഹമാധ്യമങ്ങളില്‍ ഇരുപക്ഷവും ഏറ്റുമുട്ടി. ഇതാണ് പരാതിയും കേസുമായത്. അതിഥിത്തൊഴിലാളികളെ പ്രകോപിപ്പിച്ചു പഞ്ചായത്തിനെതിരേ തിരിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ നെല്ലിക്കുഴി പഞ്ചായത്ത് മുന്‍ അംഗം അലി പടിഞ്ഞാറേചാലിനെതിരേയാണ് പോലീസ് കേസെടുത്തത്.
കോണ്‍ഗ്രസ് നേതാവായ അലിക്കെതിരേ പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി രവിയാണ് പരാതി നല്‍കിയത്. പഞ്ചായത്തിന്റെ കമ്യൂണിറ്റി കിച്ചനില്നിന്നു ലഭിച്ച ഭക്ഷണം നിലവാരമില്ലാത്തതാണെന്ന് അതിഥിത്തൊഴിലാളി പറയുന്ന വീഡിയോ ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചതാണ് പരാതിക്ക് അടിസ്ഥാനം.
എന്നാൽ തനിക്കെതിരേയുള്ള പരാതിയും പോലീസ് നടപടിയും ദുരുദ്ദേശ്യത്തോടെയുള്ളതാണെന്ന് അലി പറഞ്ഞു. സമൂഹമാധ്യങ്ങളില്‍ അധിഷേപിച്ച പോസ്റ്റിട്ടവര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് മുസ് ലിം ലീഗ് അംഗം പി.എ. ഷിഹാബും പോലീസില്‍ പരാതി നല്കി.
സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് അപവാദപ്രചാരണത്തിന് പിന്നിലെന്നാണ് ഷിഹാബിന്റെ ആരോപണം. കമ്യൂണിറ്റി കിച്ചൺ നടത്തുന്നതിനുള്ള സർക്കാർ മാനദണ്ഡങ്ങൾ ലംഘിച്ച് സിപിഎം പ്രദേശികനേതാക്കളുമായി ചേർന്ന് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ നടത്തുന്ന പണപിരിവ് ഉൾപ്പെടെയുള്ള അഴിമതികൾ പൊതുജനങ്ങൾക്ക് മുമ്പിൽ തുറന്നുകാണിക്കുന്ന പ്രതിപക്ഷ അംഗങ്ങളെ സമൂഹമാധ്യമങ്ങൾ വഴി അപമാനിക്കുകയാണെന്ന് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.
പ്രതികരിക്കുന്നവർക്കെതിരേ പോലീസ് കേസെടുപ്പിക്കുന്ന നിലപാടാണെന്നും യുഡിഎഫ് കുറ്റപ്പെടുത്തി. നെല്ലിക്കുഴിയിൽ കമ്യൂണിറ്റി കിച്ചൺ വിഷയത്തിൽ സമൂഹമാധ്യമ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടു കൂടുതല്‍ പരാതികള്‍ വരുംദിവസങ്ങളില്‍ പോലീസിലെത്തുമെന്നാണ് സൂചന.