ന്യൂഡല്‍ഹി: കാമുകിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കഷ്ണങ്ങളാക്കിയ സംഭവത്തില്‍ കോടതിയില്‍ കുറ്റസമ്മതം നടത്തി പ്രതി അഫ്താബ് അമീന് പൂനവല്ല.
പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ യുവതിയെ കൊലപ്പെടുത്തുകയായിരുന്നെന്നു ഇയാള്‍ കോടതിയില്‍ പറഞ്ഞു.
പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതോടെ വിഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കുറ്റം ഏറ്റുപറഞ്ഞത്.
പോലീസ് അന്വേഷണവുമായി താന്‍ സഹകരിക്കുന്നുണ്ട്. കൊലപാതകത്തിനുശേഷമുള്ള കാര്യങ്ങള്‍ ക്രമമായി ഓര്‍ത്തെടുക്കാന്‍ തനിക്ക് കഴിയുന്നില്ല.
ഇതാണ് പോലീസിന് നല്കിയ മൊഴിയില്‍ വൈരുദ്ധ്യമുണ്ടാകാന് കാരണമെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു.
മകളെ കാണാനില്ലെന്ന് കാട്ടി യുവതിയുടെ പിതാവ് പരാതി നല്‍കിയതോടെയാണ് കഴിഞ്ഞ മേയില്‍ നടന്ന കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
പങ്കാളിയായ ശ്രദ്ധയെ(26) കൊലപ്പെടുത്തിയശേഷം 35 കഷണങ്ങളാക്കി, പ്രത്യേകം ഫ്രിഡ്ജ് വാങ്ങി ഇത് സൂക്ഷിച്ചു.
പിന്നീട് അടുത്ത 18 ദിവസങ്ങളിലായി മെഹ്റൗളി വനത്തിന്റെ വിവിധയിടങ്ങളിലായി ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ചെന്ന് ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.