പല്ലി വര്‍ഗത്തിൽപ്പെട്ട ഭീമന്മാരാണു കൊമോഡോ ഡ്രാഗണുകൾ. ഇവ ഇര പിടിക്കുന്നതു കണ്ടാൽ ആരും ഭയന്നു പോകും.
മാനുകളുടെയും മറ്റും മേൽ ചാടിവീഴുന്ന ഈ ഡ്രാഗണുകൾ സെക്കന്‍ഡുകള്‍ക്കുള്ളില്‍ അവയെ വയറ്റിലാക്കും.
നമ്മുടെ വീടിന്റെ ഭിത്തിയിലിരിക്കുന്ന പല്ലികൾ ഇര പിടിക്കുന്നതു കണ്ടിട്ടില്ലേ, അതുപോലെതന്നെ! ഇന്‍സ്റ്റഗ്രാമില്‍ അനിമല്‍ പവേഴ്സ് എന്ന അക്കൗണ്ടില്‍ കൊമോഡോ ഡ്രാഗണുകൾ ഇര പിടിക്കുന്ന ഭയപ്പെടുത്തുന്ന വീഡിയോകളുണ്ട്.
ഒറ്റച്ചാട്ടത്തിനു മാനിനെ വീഴിക്കുന്നതും അകത്താക്കുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം.
ഭീമന് പല്ലിയുടെ ആക്രമണത്തില്‍നിന്നു രക്ഷപ്പെടാന്‍ ഒരു ശ്രമംപോലും നടത്താനാവാതെയാണ് മാന്‍ കീഴടങ്ങുന്നത്.
മാനിന്റെ കഴുത്തില്‍ കടിച്ചുപിടിച്ച് തെല്ലിട വലിച്ചുകൊണ്ടുപോയശേഷമാണ് രാക്ഷസപ്പല്ലി വിഴുങ്ങുന്നത്. തലയാണ് ആദ്യം അകത്താക്കുന്നത്.
തുടര്‍ന്ന് സെക്കന്‍ഡുകള്‍ക്കുള്ളില്‍ത്തന്നെ ജീവനോടെ മാനിനെ പൂര്‍ണമായും വിഴുങ്ങുന്നു.
ഇന്തോനേഷ്യയിലെ കൊമോഡോ, റിന്‍കാ, ഫ്ളോഴ്സ്, ഗിലി മൊണ്ടാംഗ് എന്നീ ദ്വീപുകളിലാണ് പല്ലി വംശത്തില്‍പ്പെടുന്ന കൊമോഡോ ഡ്രാഗണുകളെ കാണുന്നത്.
ഉരഗങ്ങളായ വരനിഡേയ് കുടുംബത്തില്‍പ്പെടുന്ന ഇവയാണ് ലോകത്ത് ഇന്നു ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും വലിയ പല്ലിവര്‍ഗം.
രണ്ടു മുതല്‍ മൂന്നു മീറ്റര്‍ വരെ നീളവും എഴുപത് കിലോഗ്രാം വരെ തൂക്കവും ഇവയ്ക്ക് ഉണ്ടാകാറുണ്ട്. കര മുതല, ഭീമന് രാക്ഷസന് എന്നൊക്കെ കൊമോഡോ ഡ്രാഗണുകൾ പ്രാദേശികമായി അറിയപ്പെടുന്നു.
അമ്പതു കൊല്ലംവരെ കൊമോഡോ ഡ്രാഗണുകള്‍ക്ക് ആയുസുണ്ട്. കണ്ടാല്‍ കോഴികളെപ്പോലെ തോന്നുന്ന മെഗാപോഡ് പക്ഷികളുടെ കൂടുകളിലാണ് ഭീമന് പല്ലി മുട്ടയിടുന്നത്.
എട്ടുമാസത്തോളം അടയിരുന്നശേഷമാണ് മുട്ടകള്‍ വിരിയുക. കൊമോഡോ കുഞ്ഞുങ്ങളെ മുതിര്‍ന്നവതന്നെ ഭക്ഷണമാക്കാറുണ്ട്.
ഈ സാഹചര്യങ്ങളില്‍ വലിയ മരങ്ങളിലും മറ്റും ഒളിച്ചാണ് കൊമോഡോ കുഞ്ഞുങ്ങള്‍ കഴിയുക. 1910ലാണ് ഈ ഉരഗവര്‍ഗം പടിഞ്ഞാറന്‍ ശാസ്ത്രജ്ഞരുടെ കണ്ണില്‍പ്പെടുന്നത്.
വംശനാശഭീഷണി നേരിടുന്ന ഇവയുടെ സംരക്ഷണത്തിനായി ഇന്തോനേഷ്യയില്‍ കൊമോഡോ നാഷണല്‍ പാര്‍ക്ക് സ്ഥാപിച്ചിട്ടുണ്ട്.