ശരീരഭാരം കുറയ്ക്കുന്നതിന് കഠിനമായ പരിശ്രമവും ശ്രദ്ധയും ആവശ്യമാണ്. ഭൂരിപക്ഷം ആളുകളും അധിക ഭാരം കുറയ്ക്കാനായി വളരെയധികം കഷ്ടപ്പെടുന്നു.
എങ്കിൽ ശരീരഭാരം കുറയ്ക്കാൻ പണം നൽകിയാലോ? അതെ, നിങ്ങൾ കേട്ടത് ശരിയാണ്. അടുത്തിടെ ഒരു പുതിയ കമ്പനി ജീവനക്കാർക്ക് ഭാരം കുറയ്ക്കാനുള്ള ബോണസ് നൽകി.
ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയിലെ ഒരു സ്ഥാപനമാണ് തടി കുറയ്ക്കാൻ ജീവനക്കാർക്ക് പണം വാഗ്ദാനം ചെയ്തത്. കഴിഞ്ഞ വർഷം ആരംഭിച്ച ഈ പദ്ധതിയിൽ പലരും തടികുറച്ച് പണം സമ്പാദിച്ചിട്ടുണ്ട്.
Insta360 എന്ന് പേരിട്ടിരിക്കുന്ന കമ്പനി ഷെൻഷെനിലാണ് സ്ഥിതി ചെയ്യുന്നത്. ഇതുവരെ 150 പേർ ഈ അമിത ഭാരം കുറയ്ക്കൽ പരിപാടിയിൽ പങ്കെടുത്തു.
ഇതിനായി മൊത്തം ഒരു കോടി രൂപ മുഴുവൻ ജീവനക്കാർക്കും കമ്പനി പാരിതോഷികമായി വിതരണം ചെയ്തിട്ടുണ്ട്. ഓരോ ക്യാമ്പും 3 മാസമാണ്, ആകെ 30 ജീവനക്കാരുണ്ട്. ഇതുവരെ അഞ്ച് ക്യാമ്പുകൾ തുറന്നിട്ടുണ്ട്.
ഈ പ്രോഗ്രാമിലേക്ക് ധാരാളം ജീവനക്കാർ അപേക്ഷിച്ചിട്ടുണ്ടെങ്കിലും അമിതവണ്ണമുള്ളവരെ മാത്രമാണ് തിരഞ്ഞെടുക്കുന്നത്. ഓരോ ക്യാമ്പിലും അംഗങ്ങളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. അതിൽ 10 പേർ വീതമുള്ള രണ്ട് ഗ്രൂപ്പുകളും 5 അംഗങ്ങളുള്ള ഒരു ഗ്രൂപ്പും ഉണ്ട്.
അര കിലോ വീതം കുറയ്ക്കുമ്പോൾ ഒരു അംഗത്തിന് 4,593 രൂപ ലഭിക്കും. എന്നാൽ അവരുടെ ഗ്രൂപ്പിലെ ഏതെങ്കിലും അംഗത്തിന്റെ ഭാരം വർദ്ധിച്ചാൽ ഒരു അംഗത്തിനും സമ്മാനത്തുക ലഭിക്കുകയുമില്ല പകരം 5700 രൂപ പിഴയടയ്ക്കുകയും വേണം.
ശരീരഭാരം കുറയ്ക്കാനുള്ള ഈ കാമ്പയിന് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. , ‘എന്തൊരു അത്ഭുതകരമായ കമ്പനി, ഞാൻ അതിൻ്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നു’. ‘ഞാൻ അവിടെ ഉണ്ടായിരുന്നെങ്കിൽ പ്രതിദിനം 10 കിലോമീറ്റർ സഞ്ചരിക്കുമായിരുന്നു. എന്നെപ്പോലുള്ള ഒരു ജീവനക്കാരനുണ്ടെങ്കിൽ, സ്ഥാപനം പാപ്പരാകും’ എന്നിങ്ങനെയുള്ള കമന്റുകളാണ് സോഷ്യൽ മീഡിയയിൽ ആളുകൾ കുറിച്ചത്.