മൃഗങ്ങളെ എത്രകണ്ട് ഇഷ്ടമുണ്ടെന്ന് പറഞ്ഞാലും ഉപദ്രവകാരിയായാൽ അവയെ കൊല്ലാൻ മനുഷ്യൻ മടിക്കില്ല. സഹജീവികളെ സ്നേഹിക്കണമെന്ന് പറഞ്ഞാലും എപ്പോഴും അത് പ്രാവർത്തികമാക്കാൻ സാധിക്കില്ലന്നതാണ് സത്യം. മനുഷ്യൻ മാംസാഹാരം കഴിക്കുന്നത് തന്നെ ഇതിന് ഒരു ഉദാഹരണമാണ്.
എന്നാൽ മറ്റു ചില ജീവികളുണ്ട് കാഴ്ചയിൽ നിസാരൻമാർ ആണെങ്കിലും ഇവർ നമുക്ക് അപകടകാരികളാണ്. പാറ്റയും കൊതുകും ഈച്ചയുമൊക്കെ ഇതിൽ ഉൾപ്പെടുന്നു. രോഗങ്ങൾ മാത്രം തരുന്ന ഇവരെ തുരത്താൻ നമ്മൾ ഏതുവഴിയും സ്വീകരിക്കും. അതിന്റെ പേരിൽ യാതൊരുവിധ കുറ്റബോധവും നമുക്ക് തോന്നാറില്ല. എന്നാൽ ഈ പ്രാണികളെ കൊന്നുതള്ളുന്നതിൽ പശ്ചാത്തപിക്കുന്ന ഒരു കൂട്ടരുണ്ട്. പറഞ്ഞുവരുന്നത് ജപ്പാനിലെ ഒരു കീടനാശിനി കമ്പനിയെ കുറിച്ചാണ്.
ജപ്പാനിലെ ഇക്കോ സിറ്റിയിലെ മൗദാജി ടെമ്പിളിൽ സ്ഥിതി ചെയ്യുന്ന കീടനാശിനി നിർമാണ കമ്പനിയായ എർത്ത് കോർപ്പറേഷനാണ് ഗവേഷണത്തിനിടയിൽ കൊലപ്പെടുത്തുന്ന കീടാണുക്കൾക്ക് ആദരവ് നൽകുന്നത്. തങ്ങളുടെ ഉൽപ്പന്നങ്ങൾ മൂലം ഭൂമിയിലെ ചെറുപ്രാണികള്‍ മരിച്ച് വീഴുന്നതില്‍ പശ്ചാത്തപിക്കുകയും, മരിച്ച പ്രാണികളെ ആദരിക്കുന്നതിനായി പ്രത്യേകം പ്രാർത്ഥനാ ചടങ്ങ് നടത്തുകയും ചെയ്യും ഇവിടെ.
പരീക്ഷണങ്ങൾക്കും പഠനങ്ങൾക്കും ഇടയിൽ ചെറിയ പ്രാണികള്‍ ആണെങ്കിൽ പോലും അവയുടെ മരണത്തെ ശാസ്ത്ര നേട്ടത്തിനായുള്ള ജീവത്യാഗങ്ങളായാണ് ഇവർ കണക്കാക്കുന്നത്. ഇത്തരത്തില്‍ ജീവത്യാഗം ചെയ്യപ്പെടുന്ന പ്രാണികൾക്കായി വർഷത്തിലൊരിക്കലാണ് പ്രത്യേക ആദരിക്കൽ ചടങ്ങ് കമ്പനി നടത്തുന്നത്. ഈ ചടങ്ങിൽ കമ്പനിയിലെ മുഴുവൻ തൊഴിലാളികളും പങ്കെടുക്കുകയും ചെയ്യും.