പോണോഗ്രാഫിക് കമ്പനിയായ മൈന്‍ഡ്ഗീക്കിന്റെ ഉടമസ്ഥതയിലുള്ള പോണ്‍സൈറ്റായ പോണ്ഹബ്ബില് ‘ചൈല്‍ഡ് പോണ്’ ഉള്ളടക്കങ്ങളിലൂടെ പണം സമ്പാദിക്കുന്നതിനുള്ള സേവനങ്ങള്‍ നല്കിയ വിസയ്ക്കെതിരേയുള്ള പരാതി സ്വീകരിച്ച് യുഎസ് കോടതി.
പരാതി തള്ളണമെന്ന വിസയുടെ ആവശ്യം കാലിഫോര്‍ണിയയിലെ ജഡ്ജ് കോര്‍മാക് കാര്‍നീ അംഗീകരിച്ചില്ല.
പ്രായപൂര്‍ത്തിയാകാത്തവരുടെ വീഡിയോകള്‍ ഫില്‍റ്റര്‍ ചെയ്യുന്നതില്‍ സൈറ്റ് പരാജയപ്പെട്ടുവെന്ന് അറിഞ്ഞിട്ടും വിസ പോണ്‍ഹബ്ബിന് പണമിടപാട് സേവനങ്ങള്‍ തുടര്‍ന്നും നല്കി വരുകയായിരുന്നു.
ഇത് ചൈല്‍ഡ് പോണിലൂടെ ധനസമ്പാദനം നടത്താന്‍ മൈന്ഡ്ഗീക്കിനെ സഹായിക്കുവാനുള്ള ഉദ്ദേശത്തോടുകൂടി വിസ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണെന്ന് പരാതിയില്‍ ആരോപിക്കുന്നു.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഞങ്ങളുടെ നെറ്റ് വര്‍ക്ക് ഉപയോഗിക്കുന്നത് അനുവദിക്കില്ലെന്നും ഈ കേസില്‍ തങ്ങളെ പ്രതിയാക്കുന്നത് അനുചിതമാണെന്നും വിസ ഒരു പ്രസ്താവനയില്‍ പറഞ്ഞു.
മൈന്‍ഡ് ഗീക്കിനെ ഒരു അംഗീകൃത കച്ചവട സ്ഥാപനമായാണ് വിസ കാണുന്നത്. പോണ് ഹബ്ബ് വെബ്സൈറ്റിനുള്പ്പടെയുള്ള മൈന്‍ഡ് ഗീക്കിന്റെ വെബ്സൈറ്റുകള്‍ക്ക് വിസ പണമിടപാട് സേവനം നല്‍കുന്നുണ്ട്.
അതേസമയം മൈന്‍ഡ് ഗീക്കിന്റെ വെബ്സൈറ്റുകളിലെല്ലാം ഗണ്യമായ അളവില്‍ ചൈല്‍ഡ് പോണ് ഉള്ളടക്കങ്ങള്‍ ഉണ്ടെന്നും ആ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതില്‍ മൈന്ഡ്ഗീക്ക് പരാജയപ്പെട്ടുവെന്നും പരാതിയില്‍ പറയുന്നു.
എന്നിട്ടും, അത്തരം ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള സാങ്കേതിക വിദ്യയും, നടപടിക്രമങ്ങളും, നയങ്ങളും ഉണ്ടെന്ന വാക്കിന്റെ പുറത്ത് വിസയും അവരുടെ ഏജന്റ് ബാങ്കുകളും മൈന്‍ഡ് ഗീക്കിന്റെ വെബ്സൈറ്റുകള്‍ക്ക് പണമിടപാട് സേവനങ്ങള്‍ എത്തിക്കുന്നതിന് പരസ്യമായി സമ്മതിച്ചു.
കാലിഫോര്‍ണിയ അണ്‍ഫെയര്‍ കോമ്പറ്റീഷന് നിയമവും, ട്രാഫിക്കിങ് വിക്റ്റിംസ് പ്രൊട്ടക്ഷന്‍ റീ ഓതറൈസേഷന്‍ ആക്റ്റും ഉള്‍പ്പടെ വിവിധ നിയമങ്ങള്‍ വിസയും മൈന്‍ഡ് ഗീക്കും മറ്റുള്ളവരും ലഘിച്ചുവെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.
പോണ്‍ഹബ്ബിന് പുറമെ മൈന്‍ഡ്ഗീക്കിന്റെ മറ്റു പോണ്‍സൈറ്റുകള്‍ക്കും വിസ സേവനം നല്‍കുന്നുണ്ട്.