പയ്യന്നൂര്‍: പയ്യന്നൂര്‍ കവ്വായിയിലെ ഊരുവിലക്കിനെതിരേ ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി. പ്രദേശത്തെ ചില കുടംബങ്ങള്ക്കെതിരേ നടപ്പാക്കുന്ന അപ്രഖ്യാപിത ഊരുവിലക്കിനും രാത്രികളില്‍ വീടുകളില്‍ കയറിയുള്ള ഭീഷണിക്കുമെതിരേയാണ് കവ്വായിയിലെ മാടാച്ചേരി പ്രേമന് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയത്.
കവ്വായിയിലെ കതിവന്നൂര്‍ വീരന് ക്ഷേത്രത്തിലെ മുന്‍ കമ്മിറ്റിയിലെ ഒരാള്‍ നടത്തിയ സാമ്പത്തിക തിരിമറിക്കെതിരേ നിയമ നടപടി സ്വീകരിച്ച കമ്മിറ്റിയിലെ ആറുപേരുടെ കുടുംബങ്ങള്ക്കെതിരേയാണ് ചിലര്‍ വ്യക്തിവിരോധം തീര്‍ക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നതെന്ന് പരാതിയിലുണ്ട്.
കൂടാതെ ചിലര്‍ സംഘം ചേര്‍ന്ന് രാത്രികാലങ്ങളില്‍ വീടുകളിലെത്തി ഭീഷണിപ്പെടുത്തുന്നതിനാല്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ഭയന്നാണ് കഴിയുന്നതെന്നും ഊരുവിലക്കുള്പ്പെടെ നിര്‍ത്തുന്നതിനുള്ള നടപടികളെടുക്കണമെന്നുമാണ് ജില്ലാ കളക്ടര്‍ക്ക് നല്കിയ പരാതിയിലെ ആവശ്യം.
ക്ഷേത്രത്തിലെ സാമ്പത്തിക തിരിമറിക്കെതിരേ നിയമ നടപടി സ്വീകരിച്ചതിന്റെ പേരില്‍ കമ്മിറ്റിയിലെ മറ്റംഗങ്ങള്ക്കെതിരേ ഊരുവിലക്ക് കല്‍പ്പിച്ച സംഭവം കഴിഞ്ഞ ദിവസം രാഷ്ട്രദീപിക റിപ്പോര്‍ട്ടു ചെയ്തിരുന്നു.
ഉറ്റവരുടെ മരണാനന്തര കര്‍മങ്ങള്‍ ചെയ്യുന്നതിൽ പോലും തടസം സൃഷ്ടിക്കുകയും പൊതുചടങ്ങുകളില്‍നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യുന്ന സാഹചര്യവും വാര്‍ത്തയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ജാതിവിവേചന വിവാദങ്ങളുയരുന്നതിനിടയില് കവ്വായിയിലെ ചില കുടുംബക്കാരോടുള്ള അപ്രഖ്യാപിത ഊരുവിലക്ക് ചര്‍ച്ചയാകുന്നതിനിടയിലാണ് വാര്‍ത്തയുടെ കട്ടിംഗുള്പ്പെടെ ചേര്‍ത്ത് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.