ഇനി സര്ക്കാര് സ്കൂളിലെ അധ്യാപകര്ക്കും നിര്ബന്ധിത സ്ഥലംമാറ്റം. അധ്യാപകര്ക്ക് അഞ്ചു വര്ഷത്തിലൊരിക്കല് സ്ഥലം മാറ്റം നല്കാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്.
ഇത് സംബന്ധിച്ച കരടുനയം വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി. നിലവില് മറ്റ് സര്ക്കാര് ജീവനക്കാര്ക്കുള്ള സ്ഥലംമാറ്റരീതി അധ്യാപകര്ക്കും ബാധകമാക്കാനാണ് ഈ നീക്കം.
അധ്യാപക സംഘടനകളുമായി ചര്ച്ച നടക്കാത്ത സാഹചര്യത്തില് പുതിയ പരിഷ്കാരം വരുന്ന അധ്യയന വര്ഷം നടപ്പാക്കുമോയെന്ന് വ്യക്തമല്ല. വര്ഷങ്ങളായുള്ള സമ്പ്രദായം മാറ്റണമെങ്കില് സര്ക്കാരിന്റെ നയപരമായ ഇടപെടല് വേണ്ടിവരും.
അഞ്ചുവര്ഷം കൂടുമ്പോള് സ്ഥലംമാറ്റം നല്കുന്ന രീതി ഹയര് സെക്കന്ഡറി സ്കൂളുകളില് ഇപ്പോള് തന്നെയുണ്ട്.
ഒന്നുമുതല് പത്തുവരെ ക്ലാസുകളിലെ അധ്യാപകരെല്ലാം പുതിയ നയത്തിന്റെ പരിധിയില് കൊണ്ടുവന്നേക്കും. സംസ്ഥാന യോഗ്യതാപട്ടികയനുസരിച്ചാണ് ഹയര് സെക്കന്ഡറി അധ്യാപകനിയമനം നടക്കുന്നത്.
എല്.പി., യു.പി, ഹൈസ്കൂള് എന്നിവയിലേക്കാവട്ടെ ജില്ലാതല പി.എസ്.സി. പട്ടികയില് നിന്നാണ് നിയമനം.
അതുകൊണ്ടുതന്നെ, നിയമനം ലഭിച്ച ജില്ലയില്ത്തന്നെ സ്ഥലംമാറ്റം പരിഗണിക്കുന്ന തരത്തിലാവും പുതിയ നയം രൂപീകരിക്കുക.
ജീവനക്കാര്ക്ക് മൂന്നുവര്ഷം കൂടുമ്പോള് സ്ഥലംമാറ്റം നല്കണം എന്നതാണ് സര്ക്കാര് ജീവനക്കാര്ക്കുള്ള പൊതുവ്യവസ്ഥ.
ഒരു സ്ഥലത്ത് തന്നെ അഞ്ചുവര്ഷത്തില് കൂടുതല് തുടരാന് പാടില്ല. ഹയര് സെക്കന്ഡറി സ്കൂളുകളില് ഒരിടത്ത് മൂന്നുവര്ഷം സര്വീസായാല് സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം. അഞ്ചു വര്ഷത്തിലൊരിക്കല് എന്തായാലും മാറ്റമുണ്ടാവും.
അധ്യാപകര് ഒരേ സ്കൂളില് തുടരുന്നത് സ്കൂളിന്റെ പ്രവര്ത്തനങ്ങളെ ബാധിക്കുമെന്ന് വിലയിരുത്തിയാണ് നീക്കം.
കൂടാതെ സ്ഥലംമാറ്റം അധ്യാപകരുടെ സേവനം പൊതുവായി ഉപകരിക്കപ്പെടാന് സഹായിക്കുമെന്ന് കണക്കുക്കൂട്ടലുണ്ട്. ഇക്കാര്യത്തില് വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടിക്കും അനുകൂല നിലപാടാണെന്നുമാണ് വിവരം.