പേരിനെങ്കിലും ഒരു കംപ്യൂട്ടർ ഇല്ലാതെ കംപ്യൂട്ടർ പഠനം സാധ്യമാണോ എന്നു സംശയമുള്ളവർ ഈ ആഫ്രിക്കൻ അധ്യാപകന്റെ ജീവിതം അറിഞ്ഞാൽ മതി, സംശയം മാറിക്കിട്ടും. ആഫ്രിക്കൻ രാജ്യമായ ഖാനയിൽ ഐടി അധ്യാപകനായി ജോലിചെയ്യുന്ന കവാഡോ ഹോട്ടിഷ് ആണ് കറുത്ത ബോർഡിൽ കംപ്യൂട്ടർ വരച്ചെടുത്ത് കുരുന്നുകൾക്ക് അറിവേകുന്നത്.
മൈക്രോസോഫ്റ്റ് വേർഡ് ആപ്ലിക്കേഷന്റെ ഡെസ്ക്ടോപ് പ്രിവ്യു അപ്പാടെ ബോർഡിൽ വരച്ച് ക്ലാസെടുക്കുന്ന കവാഡോയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് ഈ അധ്യാപകന്റെ ആത്മാർഥതയും ഖാനയിലെ സ്കൂളുകളുടെ പരിതാപകരമായ സ്ഥിതിയും ചർച്ചാവിഷയമാകുന്നത്.
എന്നെങ്കിലും തന്റെ വിദ്യാർഥികൾക്കു കംപ്യൂട്ടർ നേരിൽ കാണാനാകും എന്ന പ്രതീക്ഷയോടെയാണ് താൻ എല്ലാ ദിവസവും സ്കൂളിലേക്കു പോകുന്നതെന്ന് കവാഡോ പറഞ്ഞു. എന്തായാലും കവാഡോയുടെ ‘ഡിജിറ്റൽ ക്ലാസ് റൂമി’ന്റെ ചിത്രം വൈറലായതോടെ സ്കൂളിനു കംപ്യൂട്ടർ വാങ്ങി നൽകാൻ അധികൃതർ തയാറായിട്ടുണ്ടെന്നാണു കേൾക്കുന്നത്.