തുടർച്ചയായി അമ്പത് മണിക്കൂർ കമ്പ്യൂട്ടർ ഉപയോഗിച്ചയാൾക്ക് പക്ഷാഘാതം സംഭവിച്ചു. ചൈനയിലെ ഷെൻസെന്നിലാണ് സംഭവം. 42 വയസുകാരനായ ഇദ്ദേഹം മാർച്ച് 31നാണ് ഇവിടെയുള്ള ഒരു കമ്പ്യൂട്ടർ കഫേയിൽ എത്തിയത്.
ഇവിടെയുള്ള ഒരു കമ്പ്യൂട്ടറിന്റെ മുമ്പിൽ ഇരുന്ന ഇദ്ദേഹം തുടർച്ചയായി 50 മണിക്കൂറാണ് അതിനു മുമ്പിൽ ചെലവഴിച്ചത്. ഇതിനിടെയിൽ ഒരു പ്രവാശ്യം പോലും അദ്ദേഹം കസേരയിൽ നിന്നും എഴുന്നേറ്റുപോലുമില്ല.
രണ്ടു ദിവസങ്ങൾക്കു ശേഷമാണ് ഇദ്ദേഹത്തെ കഫേ അധികൃതർ ശ്രദ്ധിക്കുന്നത്. ഇവർ അയാളെ തട്ടിവിളിച്ചുവെങ്കിലും പക്ഷാഘാതം സംഭവിച്ച് മിണ്ടാൻ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു ഇദ്ദേഹം.
ഇവർ ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ശരീരത്തിന്റെ വലതു ഭാഗം ചലിപ്പിക്കുവാൻ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു ഇയാൾ. ആശുപത്രിയിൽ എത്തിക്കുന്നതിന് 24 മണിക്കൂർ മുമ്പ് ഇയാൾക്ക് സ്ട്രോക്ക് സംഭവിച്ചതാണെന്നാണ് ഡോക്ടർമാർ നൽകുന്ന വിശദീകരണം.
സ്ട്രോക്ക് സംഭവിച്ച് കഴിഞ്ഞ് ആറ് മണിക്കൂറിനുള്ളിൽ ഇദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുവരുവാൻ സാധിച്ചിരുന്നുവെങ്കിൽ ആരോഗ്യനിലയിൽ ആശങ്ക വേണ്ടായിരുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു. ഇദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ മാറ്റമുണ്ട്. എന്നാൽ സാധാരണ നിലയിലേക്ക് തിരികെ എത്തുമോയെന്ന് പറയാൻ സാധിക്കില്ലെന്നും അവർ വ്യക്തമാക്കി.